ആണതിര്

കാമാഖ്യയില്‍
യോനീപീഠം
ബലിയാണ്‍മൃഗം.
നടന്നുപോയോള്‍
വീശും രക്തമിറ്റു
മാണ്‍ശിരസ്സെന്റെ
യരക്കെട്ടില്‍
തൂങ്ങിയാടുന്ന
കൈകളെന്റെ.

ഞാനേ

പൂവില്‍ പൂവിതള്‍ – പൂശാഖികളില്‍
രാവു കൊളുത്തി നിലാശകലങ്ങള്‍?
ഞാനോ മുന്നില്‍? ഇരുളലിയിച്ചെന്‍
നെഞ്ചിലുരുക്കിയ ഞാങ്കനവോ?

ദാഹം

എന്നെ വരിഞ്ഞോളു ജല
ലതാസ്പര്‍ശംപോലെ
യുടല്‍ക്കനമഴിച്ചെന്റെ തമോ
ഗഹ്വരം ഭേദിച്ചേക്കൂ.

വഴികള്‍

പുതിയ ലോകത്തിലേക്ക്
അനേകവഴികളാണ്.
അനേകകോടിസൂക്ഷ്മങ്ങളിലേക്ക്
ഒരു ചെറുവെളിച്ചം സഞ്ചരിക്കും
തിരികളാവാമാര്‍ക്കും.

വ്യായാമം

ഈ വാക്കെത്ര മധുരതരം!
ഏതുള്‍ജലത്തിന്റെ ഉറവയിത്?
ഇങ്ങനെയമര്‍ത്തിപ്പിടിക്കാമോ തൃഷ്ണകള്‍?
വിട്ടുനോക്കൂ ശ്വാസം, എന്റെ കവിളില്‍
അല്ലെങ്കില്‍ എന്റെ നെഞ്ചില്‍ പതിക്കട്ടെ.