അവള്‍ അവള്‍ക്കൊപ്പം ശയിക്കട്ടെ
അവന്‍ അവനൊപ്പവും.
അവരില്‍
അഭാവത്തിന്റെയസ്വാസ്ഥ്യങ്ങള്‍ ശമിക്കട്ടെ.
ആനന്ദം അതിന്റെ വിത്തു കണ്ടെത്തട്ടെ
വിരിഞ്ഞിട്ടില്ലാത്ത പൂക്കളുടെ
ഉദ്യാനങ്ങളുണ്ടാവട്ടെ.
ശീലിച്ചിട്ടില്ലാത്ത ഭാഷയുണ്ടാവട്ടെ.
കവിതകള്‍ തൂക്കിയ വീടുകളുണ്ടാവട്ടെ.
അവളെ അവള്‍ക്കൊപ്പം വിടൂ
അവനെ അവനൊപ്പവും.
ലോകത്തിന്റെ ഭാവിയെപ്പറ്റി ആധിവേണ്ട
കാരണം
ഈ ലോകം നിങ്ങളുണ്ടാക്കിയതല്ല.
നിങ്ങളുണ്ടാക്കിയ
ദൈവങ്ങള്‍ നിര്‍മ്മിച്ചതുമല്ല.
എല്ലാമെല്ലാം ഒരുപോലെയല്ല
അതിനാല്‍ എല്ലാം അതിജീവിക്കും.
പതാകകളുമായി കുതിരകയറി വരുന്നവര്‍
എങ്ങും കുഴിയെടുത്ത് കൊടിമരം നാട്ടും.
കുഴിയെല്ലാം കൊടിമരത്തിനാവും
മണ്ണെല്ലാം പറക്കുന്ന പതാകകള്‍ക്കാവും.
അതു പഴങ്കഥ.
അടഞ്ഞുപോയ ഉറവകള്‍ പൊട്ടി
ആത്മാന്വേഷകര്‍ പുറത്തുവരും.
സ്വന്തം മണം തേടും.
അവരവരിലേക്ക് വാതിലുകള്‍ തുറക്കും.
പുതിയ ലോകത്തിലേക്ക്
അനേകവഴികളാണ്.
അനേകകോടിസൂക്ഷ്മങ്ങളിലേക്ക്
ഒരു ചെറുവെളിച്ചം സഞ്ചരിക്കും
തിരികളാവാമാര്‍ക്കും.
ഉടലതിരുകള്‍ പരിഭ്രമിപ്പിക്കാത്ത
ആനന്ദത്തിന്റെ കതിരുകള്‍.
വെറുപ്പിന്റെ കളകള്‍ മറച്ചുവെച്ച
ഉഴവുചാലുകളുടെ വീണ്ടെടുപ്പുകള്‍.
അതിനാല്‍, അവരെ അവരുടെ പാട്ടിനു വിടൂ.
■□
ആസാദ്
01 ജൂണ്‍ 2022
