ഭാഷയില്‍ ഞാന്‍ വ്യായാമം ചെയ്യുന്നു.
ഭാഷയാണ് എന്റെ ശരീരം.
വയസ്സു കൂടുകയല്ലേ
ആരോഗ്യം ശ്രദ്ധിക്കണം.
നന്നായി വ്യായാമം ചെയ്യണം.
ഉപചാരങ്ങളെല്ലാം ഉപദേശത്തിലാണ്.
രാവിലെ ഞാനെന്റെ ഭാഷയെ
പത്മാസനത്തിലിരുത്തുന്നു.
പലമട്ടു വളയ്ക്കുന്നു, നിവര്‍ത്തുന്നു.
ശ്വാസമെടുത്ത് വീര്‍പ്പിക്കുന്നു.
സാവകാശം വായു പുറത്തുവിടുന്നു.
പല ക്രമത്തില്‍ സ്വയം പരുവപ്പെടുത്തുന്നു.
ഉടലിലപ്പോള് പൂക്കള്‍ വിടരും
ജലവും വെളിച്ചവും ഇഴചേര്‍ന്നു മിന്നും.
ആദിത്യന് നെറുകയില്‍ വന്നിരിക്കും.
കുഞ്ഞു കണികകളായ് അരിച്ചിറങ്ങും.
നഖത്തുമ്പിലത് ഇറ്റാനോങ്ങും.
പ്രണയിനികള്‍ ദാഹനീര് കൊതിക്കും.
ഈ വാക്കെത്ര മധുരതരം!
ഏതുള്‍ജലത്തിന്റെ ഉറവയിത്?
ഇങ്ങനെയമര്‍ത്തിപ്പിടിക്കാമോ തൃഷ്ണകള്‍?
വിട്ടുനോക്കൂ ശ്വാസം, എന്റെ കവിളില്‍
അല്ലെങ്കില്‍ എന്റെ നെഞ്ചില്‍ പതിക്കട്ടെ.
ഭസ്മമാകട്ടെ ഞാന്‍ പ്രിയാ.
പരുഷമായ ഉടലഴിഞ്ഞഴിഞ്ഞു
സ്ത്രൈണാകാരവും പിന്നിടുകയായ്.
കണ്ടതായിരുന്നില്ല നീ അല്ലേ?
പുറമ്പാറയ്ക്ക് എന്തൊരകവഴുപ്പ്!
എന്റെയുമുടല് അഴിഞ്ഞു പോകട്ടെ.
ഇത്രയാനന്ദമോ വ്യായാമം!
വരൂ, ഒച്ചയില്ലാതെ.
ശബ്ദങ്ങള്‍ ഭാഷയെ പിളര്‍ത്തും.
വാക്കുകള്‍ വാക്കുകളോടു കലഹിക്കും.
ഒരിടത്തും അവ ചേര്ന്നിരിക്കാതാവും.
ചേര്‍ച്ചയുടെ അനേക നേര്വളവുകളാണ്
പാരുഷ്യങ്ങളില്നിന്നുള്ള മുക്തി.
ഉടലില്‍നിന്ന് ഉടലിലേക്കെന്നപോലെ
സാവധാനമായ് സൗമ്യമായ് വരൂ.
കോശങ്ങളില്‍നിന്നു കോശങ്ങളിലേക്ക്
ഉറുമ്പുകളെപ്പോലെ അരിച്ചുകയറൂ.
വേണം, ധ്യാനാസനങ്ങളില് നിന്റെ പ്രഭ.
വ്യായാമത്തിന് എനിക്കു നിന്റെ പേരിടണം.
■□
ആസാദ്
22മെയ് 2022
