എന്റെ ഇരിപ്പിടത്തില്‍ നീ ഇരുന്നു.
നിന്റെ ഇരിപ്പിടത്തില്‍ ഞാനും.
നീ പതിവിലും മനോഹരി.
നിന്റെ നേര്‍ത്ത മേല്‍വസ്ത്രത്തിന്റെ
ഇസ്തിരിവടിവുകള്‍ നിവര്‍ന്നു നിന്നു.
നിവര്‍ന്നാണ് നിന്റെയിരിപ്പും.
ഞാന്‍ നിനക്കും ചുമരിനും അഭിമുഖമായിരുന്നു.
നിന്നെയൊഴികെ ഒന്നും കാണുന്നില്ലായിരുന്നു.
നിന്റെ കണ്ണുകള്‍ എന്റെ കണ്ണില്‍ തറച്ചിരുന്നു.
എന്റെ ഇമകള്‍ പിടയ്ക്കുന്നുണ്ടായിരുന്നു.
ഞാന്‍ നിന്നെക്കാണാന്‍ ആഗ്രഹിച്ചവിധം
നീ എന്നെ പുഞ്ചിരിയോടെ നോക്കുന്നു.
നിന്റെ അനുസരണയില്ലാത്ത മുടിനാരുകള്‍
എന്റെ നീളന്‍മുടിയിഴകളെ എത്തിപ്പിടിക്കുന്നു.
‘നിന്നെയല്ലാതെ ഞാനാരെ വിശ്വസിക്കു’മെന്ന്
നീ പെട്ടെന്ന് ആശ്വാസം കണ്ടെത്തിയപോലെ.
പിറകിലെ ചുമരില്‍ നിന്റെ ശിരസ്സ് നിറഞ്ഞു.
തണുത്ത ഓറഞ്ചു നീരും ചുട്ട കൊഞ്ചും
നമുക്കൊന്നു പരീക്ഷിച്ചാലോ എന്നു നീ.
ഞാന്‍ തലയാട്ടുകമാത്രം ചെയ്തു.
ഓറഞ്ചു നീര്‍ ഞാനും ആഗ്രഹിച്ചിരുന്നു.
കൊഞ്ചു ചേര്‍ത്ത് നീയെന്നെ അമ്പരപ്പിച്ചു.
ഗ്ലാസില്‍ ചുണ്ടുചേര്‍ക്കെ അതു വീഞ്ഞുതന്നെ.
ചുണ്ടില്‍ ചുണ്ടുകോര്‍ത്തപോലെ ഞാനുലയുന്നു.
നീ എനിക്കു നീട്ടുമെന്നു ഞാനാശിച്ച വാക്കുകള്‍
ഒന്നൊന്നായി നീയെന്നില്‍നിന്നെടുത്തു.
ഞാന്‍ നിനക്കാരാകാന്‍ കൊതിച്ചുവോ
അതെനിക്കു നീയായ് തിരിച്ചുതന്നു.
എന്റെ ജിജ്ഞാസ നിന്നിലൂടെ പുറത്തുവന്നു
ആകാംക്ഷ നിറഞ്ഞ നോട്ടത്തില്‍ ഞാന്‍ ചൂളി.
ഏതോ ചടുലവേഗമാണെന്റെ എതിര്‍മുഖം.
ശീലിക്കാത്ത ഒരു ശൈത്യമെന്നെ ചൂഴുന്നു.
ഇരിപ്പിടം മാറിയാലോ എന്നു ചോദിച്ചില്ല.
അതിനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
ഞാനെന്നപോലെ നിന്റെയായിരിപ്പില്‍
നീയെന്നപോലെ ഞാന്‍ ആനന്ദിച്ചുപോയി.
എണീറ്റു നടക്കുമ്പോള്‍ മുമ്പില്ലാത്തവിധം
നീയെന്നെ ചേര്‍ത്തുപിടിച്ചിരുന്നു.
പിന്നീട് നീയും ഞാനും എങ്ങോട്ടാണ് പോയത്?
നീ എപ്പോഴാണ് കൈവീശി യാത്രയായത്?
■□
ആസാദ്
22 മെയ് 2022
