നീയില്ലാതെ

കാറ്റുകള്‍ നിന്നെ തിരിച്ചു വിളിക്കില്ല
കാര്‍മുകിലാര്‍ദ്രമായ് നെഞ്ചിലണയ്ക്കില്ല.
കാട്ടിലെ വന്മരം നെറുകയില്‍ ചൂടില്ല.
കടലിലെ വന്‍തിര തോളത്തെടുക്കില്ല.

തീരച്ചൊരിമണല്‍ സൂര്യനെന്നെണ്ണില്ല
നാദനക്ഷത്രങ്ങളാത്മാവിലെരിയില്ല.
കൂടിപ്പിരിഞ്ഞവരിനി കോപ്പ പകുക്കില്ല.
കൈപിടിച്ചെത്തിയോള്‍ ചുംബിച്ചുറക്കില്ല.

നാട്ടിടവഴിയിലൊരു മിന്നാമിനുങ്ങു മായില്ല.
പാഴ്ക്കഥകളിലൂടൊരു നായകനലയില്ല.
തൊണ്ടയിലൊരു ചൂളംവിളി തടയില്ല
കോശങ്ങളായത്തില്‍ പങ്കായമെറിയില്ല.

കൈവിട്ടജന്മങ്ങള്‍ കരയിലടുക്കില്ല
ചിതറിയ വെളിച്ചത്തിലൊളിച്ചു പാര്‍ക്കില്ല.
തണലേത് വെയിലേതിരുളേതുതണു
പ്പേതെന്നൊരു ജഡകാമന മൊഴിയില്ല.

സ്നേഹത്തിനണിയിച്ച പേരുകള്‍ വാഴില്ല.
നെറുകയിലുമ്മകള്‍ തളിര്‍ത്തുപൊന്തില്ല.
ഹിമക്കട്ടയില്‍ ചെന്നിടിച്ച പായ്ക്കപ്പലിന്‍
ദേഹസഞ്ചാരസംഭീതികളൊടുങ്ങില്ല.

കേറിയിറങ്ങിയ കുന്നുകളിനിയില്ല
കുന്നില്‍ തടയുവാന്‍ നീരൊഴുക്കുകളില്ല.
നീരില്‍ത്തളിര്‍ക്കുന്ന പച്ചകളിനിയില്ല.
പച്ചയില്‍ പൊട്ടുന്ന പ്രണയങ്ങളിനിയില്ല.

നീയില്ല, നീയായ് പുലര്‍ന്ന ഞാനില്ല
നിന്നോളമെത്തി മടങ്ങിയ കാറ്റില്ല
കാറ്റിലകന്നുപോം പെയ്യാമുകിലില്ല.
കാട്ടില്‍ മരമില്ല കടലില്‍ തിരയില്ല

നീ മാത്രമായ പ്രപഞ്ചത്തിലെന്തിനു
നിന്നെത്തിരക്കിയലയണം ഞാനിനി.
■□

ആസാദ്
21 മെയ് 2022