ഗന്ധം

എരിവും മധുരവും കലര്‍ന്ന മണം
ഇന്നലെയാണ് എന്നെത്തേടിവന്നത്.
ഓര്‍ക്കാപ്പുറത്ത് ഒരാശ്ലേഷം.
തുടച്ചുകളയല്ലേയെന്നൊരൊട്ടല്‍.
അഴിയാതിരിക്കാന്‍ തന്നു
ഗന്ധങ്ങളുടെ പുസ്തകം.
ഒരു സോപ്പുകട്ട.

ചന്ദനത്തിന്റെ ഗന്ധമായിരുന്നൂ ശീലം
തണുപ്പിന്റെ രഹസ്യോന്മാദം.
കുളിമുറിയില്‍ ഉടലുരച്ചുമഴിച്ചും
മാറ്റാന്‍ മടിച്ച മേലുറ.
ഗന്ധങ്ങളുടെ മാത്രമായ പുതിയ
മേല്‍ക്കുപ്പായമേ,
അഴിക്കുന്തോറും മുറുകണേ
ലോലസ്തരം.

നീ തന്നുപോയ മണം നിന്റെ വിത്ത്.
നീ മുളച്ചുപൊങ്ങിയ കവരങ്ങളില്‍
ഞാനെന്നെ ഞാത്തിയിട്ടു.
ഊഞ്ഞാലാടി.
കുളിമുറിയില്‍ കാറ്റു തെറിച്ചു.
കാറ്റില്‍ തകര്‍ന്നില്ല ജലശില്പം.
കാട്ടുതെച്ചികളുടെയും
കൂവളത്തിന്റെയും പ്രഭാവം.

എരിവിന്റെയും മധുരത്തിന്റെയും
ഈറന്‍ചുറ്റിയ നില്‍പ്പില്‍
മേല്‍വിലാസമെഴുതാതെ നീയയച്ച
കത്തുകള്‍ ഞാന്‍ വായിക്കുന്നു.
ശബ്ദമില്ലാതെ പാടിയ
പാട്ടുകള്‍ കേള്‍ക്കുന്നു.
ശരീരമില്ലാതെ പുണര്‍ന്ന
വടുക്കള്‍ തേടുന്നു.

സോപ്പുപെട്ടിയില്‍ നിന്നെ അടച്ചുവെക്കാം.
അതു സ്വീകരണമുറിയോ
കിടപ്പുമുറിയോ പൂമുഖമോ ആവാം.
ആര്‍ത്തികളടങ്ങാം.
ആളുമ്പോഴതഗ്നിപേടകം.
ശമിക്കുമ്പോള്‍ ശവപ്പെട്ടി.
ഉമ്മകളുടെ ഉദ്യാനത്തില്‍
ഉന്മാദത്തിന്റെ പൂവറ.

നീ നൃത്തം ചെയ്യുന്നു ശ്മശാനത്തില്‍
വൃദ്ധകാമനകളുടെ കനലുകളില്‍.
ഗന്ധമേ, നിന്നോളമേതുത്തേജകം
എല്ലാമടക്കിപ്പിഴിഞ്ഞ വീര്യം
തൊട്ടാവാടിയില്‍ പൂവ്.
നീയേ നിശാഗന്ധി
നീതന്നെ നിത്യകല്യാണി.

ഞാനൊരു പൂവിറുത്തുവെക്കുന്നു
എന്റെ ശവപേടകത്തില്‍.
ഗന്ധങ്ങളുടെ മുടിക്കെട്ടില്‍.
കാണാപ്രണയത്തിന്റെ
പാല്‍മുലകളില്‍.
ഗന്ധമേ,
നിന്റെ പേരെന്താകുന്നു?
■□
ആസാദ്
21 മെയ് 2022

1 Comment

  1. നിറഞ്ഞു നില്ക്കട്ടെ ഈ ഗന്ധം 💕

Comments are closed.