നീതി

(പേരറിവാളന്)

ദൈവങ്ങളുടെ കോടതിയിലേക്ക്
അവന്‍ വിളിക്കപ്പെട്ടില്ല.
അതിനാല്‍
ആത്മാവിന്റെ നഗ്നതയില്‍
അവന്റെ വാസ്തവം പ്രകാശിച്ചില്ല.

മനുഷ്യരുടെ ന്യായാസനത്തില്‍
തെളിവുകളുടെ യുക്തിവിചാരം.
ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു.
ഒപ്പം ഒരു നിരപരാധിയും.
ദൈവനീതിക്ക് കോടതിയില്‍ കാര്യമില്ല.

യൗവ്വനം ആരുടെ ഭിക്ഷയാണ്?
ഏത് ആള്‍ദൈവത്തെയാണ്
പ്രസാദിപ്പിക്കേണ്ടത്?
ദൈവങ്ങള്‍ അവന്റെ യൗവ്വനം
മടക്കിക്കൊടുക്കുമോ?
നരച്ച മുടിയിഴകളില്‍ വിരലോടിച്ച്
പോയകാലം പെറുക്കിയെടുക്കുമോ?
ഗതി കിട്ടാതെ മരിച്ച സ്വപ്നങ്ങളില്‍
ചുംബനങ്ങളുടെ പെരുമഴ പെയ്യിക്കുമോ?

കുനിഞ്ഞു നില്‍ക്കുന്നവരുടെ മുതുകിലൂടെ
സകല വണ്ടികളും
ചൂളംവിളിച്ചു കടന്നുപോവും.
അവനെ പാതാളത്തിലാഴ്ത്തിയ
കാലുകള്‍ വാഴ്ത്തപ്പെടും.
നീതിനിര്‍വ്വഹണത്തിന് പുരസ്കാരങ്ങള്‍.
ജനം അവരെത്തന്നെ വീണ്ടും വീണ്ടും
തെരഞ്ഞെടുത്ത് ഭരിപ്പിക്കും.

കാത്തിരിക്കുന്ന പാവം അമ്മമാരുടെ
നാടാണ് എന്റേത്.
വീട്ടില്‍നിന്നും കടയില്‍നിന്നും
കവലയില്‍നിന്നും പിടിക്കപ്പെട്ടവര്‍.
വിചാരണയോ പരോളോ കിട്ടാത്തവര്‍.
യൗവ്വനം പിടിച്ചുപറിക്കപ്പെട്ടവര്‍.
നീതി ഏതു ദൈവത്തോടൊപ്പമാണ്
അല്ലലില്ലാതെ ഉറങ്ങുന്നത്?
സ്വാതന്ത്ര്യം ഏതു പതാകയിലാണ്
ചുരുണ്ടുകൂടിയത്?

നിയമപുസ്തകത്തിന് നാവുമുളയ്ക്കാം.
ഭരിക്കുന്ന മനുഷ്യരുടെ നീതിബോധം
ഒരിക്കലും കലഹിക്കുകയില്ല.
അവരെ വാഴ്ത്തുന്നവര്‍
വരകള്‍ മുറിച്ചു ചിന്തിക്കുകയുമില്ല.
പേരറിവാളാ, നിനക്കു വിചാരണ കിട്ടി.
അതുപോലുമില്ലാതെ എത്രയോ പേര്‍.

മനുഷ്യരുടെ കോടതി ആദ്യം ശിക്ഷിച്ചത്
ദൈവങ്ങളെയാണ്.
വിചാരണയില്ലാതെ ജയിലിലടച്ചത്
ദൈവങ്ങളെയാണ്.
നീതി അവരുടെ ഭാഷയാണ്.
തടവറയില്‍ പെട്ടുപോയ ശബ്ദം.
■□
ആസാദ്
19 മെയ് 2022