ഉടലും ഉസ്താദും

ഉടലേയുള്ളു ഭയം
പിന്നെ കടല്‍.
പിടിതരാതങ്ങനെ കിടക്കും.
എങ്ങു തൊട്ടാലും തിരയിളക്കം.
പതുക്കെപ്പതുക്കെ
അതങ്ങു ക്ഷോഭിച്ചുയരും.
തൊട്ടവനെ വിഴുങ്ങും.

ഉസ്താദിനു കൂടുതല്‍ ഭയം
കടലുടലുകളെ.

ചെകുത്താനെങ്കില്‍
അടക്കി നിര്‍ത്താം.
പ്രേതവകകളോ അടുക്കില്ല.
ആത്മാക്കളെ ബന്ധിക്കും.
ശത്രുക്കളെയും ഭയമില്ല.
വിശുദ്ധയുദ്ധമാണ് ജീവിതം.

ഉസ്താദിനറിയാം,
ആണുടലുകളെ തളയ്ക്കാനുള്ള സൂത്രം
ഒരു തിരുകുറ്റിയില്‍ സകല ചലനങ്ങളും
വളഞ്ഞു വട്ടംചുറ്റി നില്‍ക്കും.
ഉടല്‍ച്ചുറ്റിനു നടുവില്‍ ഉസ്താദ്
നിവര്‍ന്നു നില്‍ക്കും.
സൂത്രങ്ങളോതും.
കുഞ്ഞായനോ
മന്ത്രിച്ചുവരുത്തിയ കടല്‍ പോരാ.
പുറംകടലില്‍ കുളിക്കണം!

ഉസ്താദ് പറയും
കേട്ട കടലല്ല കുഞ്ഞായാ
തൊട്ടു നോക്കുമ്പോള്‍.
നോക്കുമ്പോഴേ പൊട്ടിത്തെറിക്കുമത്.
പിടിച്ചു കെട്ടാനാവില്ലൊരാള്‍ക്കും.

കടലു കേറും പെണ്‍കുട്ടികളില്‍.
മലയിറക്കിയ പെണ്‍കുട്ടികളെപ്പോലെ
അവരുടെ ഉടലുകള്‍ പെരുക്കും.
സൂക്ഷിച്ചു നടക്കണം.
പെണ്‍കുട്ടികളോട് കയര്‍ക്കരുത്
പര്‍വ്വതങ്ങളെയവര്‍ ചെറുതാക്കും.
കടലുകളെ കെട്ടഴിച്ചു വിടും.

ഓരോ തിരയിലുമുണ്ടാകും
വരാനിരിക്കുന്ന വന്‍തിരകളുടെ ഘോഷം.
എത്ര തരം ചിരികളാണ് പെണ്ണിന്!
ഓരോ ചിരിയിലുമുണ്ട് അനേകതിരകള്‍.
അവരോടു ചിരിക്കരുത്.

ഉസ്താദേ, ഉസ്താദേ
കണ്ണടച്ചാല്‍ മതിയോ
കണ്ണടച്ചു കടലിനെ മറയ്ക്കാമെന്ന്
നസ്രുദ്ദീന്‍ പറഞ്ഞിട്ടുണ്ട്.
കണ്ണടച്ചാലടങ്ങുമോ പെണ്‍തിരകള്‍?

പുസ്തകത്തിലുണ്ട് കുഞ്ഞായാ
കണ്‍കെട്ടുകള്‍ മുതല്‍ പല കെട്ടുകള്‍.
കെട്ടിവെയ്ക്കാം തള്ളലുകള്‍
മൂടിവെയ്ക്കാം വെളിച്ചങ്ങള്‍
അകറ്റിനിര്‍ത്താം ഭയംതരുന്ന കാഴ്ച്ചകള്‍.
മുറുകെ പിടിച്ചോളൂ
എന്നെമാത്രം പുണര്‍ന്നോളൂ.
□■
ആസാദ്