ആണിടമെങ്കിലൊരാണ്കൂ
ട്ടാവാ,മേറെത്തേടി നടന്നേ,
നില്ലീ റിപ്പബ്ലിക്കിലൊരാണ്തരി
ലിംഗപ്പെരുവനമല്ലാതെ.
ആണേയാണേ നീയെങ്ങെ
ന്നെത്രവിളിച്ചു നടക്കട്ടെ,
ആണില,യാണ്പൂ,വാണ്ചില്ലക
ളില്ലൊറ്റത്തടിമര സീല്‍ക്കാരം!
ആണേയാണേ പേരെന്തെ
ന്നെത്രവിളിച്ചു തിരക്കട്ടെ
പല പേരുകളാണൂറ്റംകൊള്ളു
മൊരൊറ്റപ്പേരിന് പര്യായം!
ആണ്കര,യാണ്കട,ലാണാകാശ
പ്പെരുമകള്‍ തള്ളിമറിക്കുന്നൂ
ഹിതമേതാകിലുമാണായ്ത്തീര്ക്കും
അധികാരത്തിന് വിളയാട്ടം.
ആണിലെയാണിനെയാരേ
വെട്ടി,യധികാരത്തെ മുളപ്പിച്ചൂ?
ആണ്ലിംഗത്തിലൊരധികാരക്കൊടി
യാരു പറത്തീയുന്മത്തം?
പെണ്ണുടല്‍ തൊട്ടേ മോക്ഷം കല്ലിന്
പ്രതിമയിലൂറാമാണ്വീര്യം
ആണറ നെടുകെപ്പിളരുമ്പോഴു
ണ്ടധികാരത്തിനു കലിബാധ.
ആണ്വിളി,യാണ്ഭയ,മാണ്ഖേദം
ഞാന്‍ തേടിയതൊന്നുമിരിപ്പീല.
ആണിടമാരുടെ റിപ്പബ്ലിക്കതി
ലാരുടെയമിത തിടുക്കങ്ങള്‍?
മൃതകോശങ്ങളെയാഞ്ഞു
കുലുക്കിച്ചുംബിച്ചഗ്നി കൊളുത്തീട്ടും
ലാവയൊലിക്കും ഗിരിശൃംഗത്തില്‍
കണ്ണീരുറവകള്‍ വെട്ടീട്ടും
ആണുണരുന്നീലധികാരത്തി
ന്നാള്രൂപങ്ങള് മദിക്കുന്നൂ
ലിംഗപ്രത്യയമില്ലാഭാഷയി
ലവനൊരു വാക്കുമുറന്നീല!
ആണേയാണേ നീയെന്നറിയാ
നാണിലമര്ന്നൊരു ഭാവങ്ങള്‍?
മേലാള്പ്പൊറ്റകള് നീക്കിയെടുത്താ
ലുടലണിയുന്ന വസന്തങ്ങള്‍?
□■
ആസാദ്
15 മെയ് 2022
