പുച്ഛം

രാവിലെ ഒരുവാക്ക്
വഴി തടഞ്ഞു നിന്നു.
പുച്ഛം.
ഞാന്‍ നിന്നെ പുച്ഛിക്കുന്നു.
എനിക്കു പുച്ഛമാണ്.
പുച്ഛം തോന്നി.

ഉപേക്ഷിക്കപ്പെട്ട പദങ്ങളുടെ
ശബ്ദകോശത്തില്‍നിന്ന്
അതെങ്ങനെ പുറത്തു ചാടി ?
അഥവാ, അത് ഉപേക്ഷിക്കപ്പെട്ടിരുന്നില്ലേ?

ഞാന്‍മാത്രബോധ്യത്തിന്റെ ചപലമുദ്ര.
വെറുപ്പില്‍ കുഴച്ചെടുത്തത്.
വിഭജിക്കുന്നത്.
സമനിരപ്പില്‍ അതു ജീവിക്കില്ല.
ഉയരം കൂടുന്തോറും കടുപ്പവും കൂടും.
താഴോട്ടു വീശുന്നതാണ് മൂര്‍ച്ച.
കുനിയുന്നവന്റെ മുതുകില്‍
കുത്തി നിര്‍ത്താം കുന്തമുന.
മൂന്നാംകാലുയര്‍ത്തി
സമദര്‍ശികളെ പാതാളത്തിലാക്കാം.

പുച്ഛം
സമൃദ്ധിയടെ ഓങ്കാരം.
സാക്ഷരതയുടെ താന്‍പോരിമ.
അഹന്തയുടെ കൊടിമരം.
മേലധികാരത്തിന്റെ
അധരച്ചെമപ്പില്‍ പുളയ്ക്കും.
അനേകവളവുകള്‍ കടന്നും
തോല്‍പ്പിക്കപ്പെടേണ്ടവന്റെ
ശിരസ്സു ഛേദിക്കും.

ഞാന്‍ പുച്ഛിക്കുന്നു!
എന്റെ അധികാരം നിന്നെ
അധമകുലത്തില്‍ തള്ളുന്നു.
നിങ്ങളും ഒന്നു പുച്ഛിച്ചു നോക്കൂ
ഒപ്പമുള്ളവനെ
ഞൊടിയില്‍ വീഴ്ത്താം.
ഒറ്റനോക്കില്‍
ഉടുതുണിയുരിയാം.
വെറും ചിരിയില്‍
കോടിപ്പോകും മുഖകോടികള്‍
ഉരുകിത്തീരും മെഴുകുതിരികള്‍.
കണ്ടിരിക്കെ, ലോകം രണ്ടാകും.

ഇല്ലായ്മകളുടെ ആത്മനിന്ദ
നിനക്കിരിക്കട്ടെ
ഉള്ളതിന്റെ ആത്മഹര്‍ഷമെനിക്കും.
ഉള്ളതില്‍ ഹിംസയുടെ കറ.
ഇല്ലായ്മയില്‍ ബുദ്ധന്റെ ചിരി.
□■

ആസാദ്
10 മെയ് 2022