നീ മെരുക്കിയ സൂര്യനെ
ക്കണ്ടു കണ്‍തിളക്കത്തില്‍
ഞാ, നിമവെട്ടിത്തിളങ്ങും
വിഭ്രമത്തെച്ചുംബിച്ചോ?
കരിഞ്ഞിരിക്കും ചുണ്ടുക
ളറിഞ്ഞില്ലുള്‍ഭയത്താല്‍.
കണ്‍കളില്‍ മിന്നല്‍ച്ചാര്‍
ത്ത,ന്ധകാരത്തില്‍ വീണേന്‍.
താരകള്‍ വന്നിരുന്നു നിന്‍
കൈയനക്കത്തില്‍ മിന്നീ
പൊങ്ങിപ്പാറിയ മുടിയില്‍
തെന്നിത്തെന്നിയേ മാഞ്ഞൂ
മൃദുഭാഷണത്തില്‍ സ്നേഹ
തീവ്രമാമമകലത്തെ
രാത്രിയായ് പകലായ് ഋതു
സന്ധ്യകളായ് നിറച്ചു നീ.
ഇരുന്നു മേശക്കിരുപുറം
ഭിന്നദേശങ്ങളില്‍ പാര്‍ത്തോ
രൊറ്റഭാഷയില്‍ വന്‍
കരകളെയലിയിച്ചോര്‍.
കുടിക്കാനെന്തു വേണം, പഴ
ച്ചാറില്‍ തുടങ്ങാമോ, മീ
നില്ലാതെയുണ്ണുമോ, ബിരി
യാണി കിട്ടും പാരഗണില്‍.
വലിയൊരു വട്ടക്കണ്ണട,
യെത്തിനോക്കിയ പെണ്‍കുട്ടി
വാതില്‍ ചാരുന്നൂ, മേശ
ച്ചില്ലില്‍ക്കാണാമെതിര്‍മുഖം.
തല കുനിച്ചതില്‍ ചേര്‍ക്കാം
വെറും നിഴല്‍, മായ്ക്കാം
പതുക്കെ കുറിക്കൂട്ടുക,
ളാശ്ലേഷിക്കാമുടലറിയാതെ.
വെയ്റ്റര്‍ പ്ലെയ്റ്റു വെക്കുന്നു
മായ്ക്കുന്നു കാലത്തെ
തുടച്ചുമാറ്റുന്നു തീന്‍ മേശ
തിളപ്പിച്ച രാഗലായനി.
ആനന്ദമെന്താണെന്നപ്പോള്‍
ചോദിച്ചു സിദ്ധാര്‍ത്ഥന്‍
ഒറ്റക്കിരിക്കണമെനി
ക്കേകചാരിക്കു നീരേകാന്‍!
■□
ആസാദ്