കറ്റ

മുറ്റത്തിന്റെ മൂലയില്‍
വരിഞ്ഞു കെട്ടിയൊരു കറ്റ.
കണ്ടതേ, ചോദ്യം വന്നൂ
കൃഷിയുണ്ടല്ലേ, നെല്ലേതാ?

നെല്ലോ ഗോതമ്പോ എന്തോ
അരിഞ്ഞു കൂട്ടിയ വീര്‍പ്പുകള്‍.
അകം പൊള്ളിയ പുറപ്പാടുകള്‍
അമര്‍ന്നൊതുങ്ങും കലഹങ്ങള്‍.

മുറ്റത്തിനപ്പുറം വയലാണോ?
മുളയിലെല്ലാം കതിരാണോ?
വരഞ്ഞില്ലല്ലോ വയലുകള്‍
മഞ്ഞവീഴുന്ന പച്ചകള്‍!

വീടും മുറ്റവും കറ്റയും
ലുബ്ധന്റെ വിരലൊതുക്കം
ഒറ്റഫ്രെയ്മില്‍ പാടാത്ത
പാട്ടു,ണ്ടാടാത്ത നൃത്തവും
അമര്‍ന്നു വിങ്ങിക്കറ്റ
മെതിക്കാലുകള്‍ തേടുന്നു.

മെതിച്ചോടിലരയണം
തണ്ടില്‍ ചുറ്റിയ കാറ്റുകള്‍
പിരിഞ്ഞും പിണഞ്ഞും പൊട്ടണം
നിറവെയിലിന്റെ വാസന.
മുത്തായ് ചിതറണം കതിരുകള്‍
വിത്തായ് പൊട്ടേണ്ടുമുറവകള്‍.

മെതിക്കേണ്ടാരുമീ കറ്റ,
യഴിക്കേണ്ട പാന്തത്തിന്‍ ചുരുള്‍.
വയലും വിത്തും വിതയും
കൊയ്ത്തും പാട്ടുത്സവങ്ങളും
പിറകോട്ടൊരു നടപ്പാത
വ്യാഖ്യാനിക്കേണ്ട മിത്തുകള്‍.

മുറ്റത്തൊരു കറ്റ, ശോഷിച്ചാ
ലുമ്മറത്തൊരു കതിര്‍ക്കുല.
പുസ്തകങ്ങള്‍ക്കാമുഖം
പിന്‍മടക്കത്തിന്‍ ടാറ്റൂ
പെയ്ന്റിംഗ് കണ്ട മൂര്‍ച്ഛയില്‍
കാണല്ലേ പാഴ്ക്കിനാവുകള്‍.
□■
ആസാദ്
07 മെയ് 2022