ഒരുവനെന്നെ തേടി വന്നൂ
ചേര്‍ത്തു നിര്‍ത്തീ ഞാനവനെ.
അവനണയും മുമ്പുതന്നെ
യവനില്നിന്നൊരു കാറ്റിരമ്പി
കാറ്റമര്ത്തി കൈപിടിക്കെ
കൈകളില്‍ നദി വാസനിച്ചു
നദിയുറന്നതെവിടെനിന്നോ
കരിമ്പാറക്കണ്ചുരന്നോ
കണ്മണികളെറ്റിവീഴ്ത്തും
മിന്നലാട്ടം വാഗ്വിലാസം
വാക്കില്നീര്ന്ന പര്‍വ്വതങ്ങ
ളെന്നെ മേയാന്‍ കൂട്ടിരുത്തി
ഞാനവനില് ചാരിയെന്നെ,
സമതലങ്ങള്‍ നീന്തുവാന്‍.
സാന്ധ്യമേഘമുരുമ്മി,യപ്പോള്‍
പക്ഷിയൊന്നു പറന്നുപോയ്.
നെഞ്ചില്‍നിന്നൊരു നാരതിന്റെ
കാലിലാരു കുരുക്കിയിട്ടൂ?
കരയിലപ്പോള്‍ തിരയുയര്‍ന്നു
ചുണ്ടിലല്ലോ നുരപടര്ന്നൂ.
ചോന്നസൂര്യനമര്ന്നുതീരം
തൂവല്കൊണ്ടിരുള്ശയ്യയായ്.
ഞാനവനില്നിന്നുമെന്നെ
ചീന്തുവാന്‍ പണിപ്പെട്ടനേര
മവന്റെ കാറ്റുകള്‍ വട്ടമിട്ടൂ
നീരൊഴുക്കുകള്‍ ചുഴികളായി.
അവനിലപ്പോളാമ്പലുകള്‍
ചക്രവാളപ്പൊയ്കയോളം
ഞാനദൃശ്യനായതെപ്പോ
ളെന്നെ ഞാനിനി കാണുമോ?
ഒരുവനാരു,തേടിയാരെ,
യാരു ചാരിയ,താരുചേര്ത്തൂ
കൂടിയല്ലോയിരുന്നതൊറ്റ
യ്ക്കവനിലോഞാനെന്നിലോ?
■□
ആസാദ്
23 ഏപ്രില്‍ 2022