ദാഹം

കുടിക്കണം, ജല,മാനന്ദാ
വഴിയില്‍ കാത്തു നില്‍പ്പു ഞാന്‍.
ദാഹനീരിനു കൈ നീട്ടുമ്പോ
ഴഴിയണേ ജലരൂപിയില്‍

കല്ലെന്നു നീ ചവിട്ടിപ്പോന്നു
ഘനീഭൂതമിരവുകള്‍
ഭാര്യയെക്കുഞ്ഞിനെ കൈവിട്ട
കളിമ്പത്തില്‍ ഘനസ്മൃതി.

കുമിയുന്നു പിന്‍വെളിച്ചമോ
മഹാകാരമായ്, മുന്നി
ലിരുള്‍തേജസ്സുകള്‍ വഴിയു
മുണ്മതന്നുര്‍വ്വീതലം.

വരുമ്പോള്‍ കാണുമോ നീയെ
ന്നകം, വിണ്ട വയലുകള്‍
തഥാഗതാ, നിന്‍മുന്നില്‍
കുനിയും പിപാസിയെ.

വെറും കരിമ്പാറജന്മമാ
ണകം വിങ്ങും പെരുങ്കടല്‍.
പുറത്തു വെയിലിന്‍ താഡന
മകമെരിക്കും ശീതാഗ്നി.

പച്ചഭൂഷകള്‍ കൊഴിഞ്ഞു
പൊറ്റ കെട്ടിയ മേല്‍ത്തടം
യന്ത്ര തൃഷ്ണകള്‍ മേഞ്ഞെന്റെ
യുടല്‍ പിളര്‍ന്ന പാടുകള്‍.

കാറ്റിന്‍ കയറൂര്‍ന്നു കപ്പി
ചരിക്കും കാലവീഥിയില്‍
പാള തേടുമിരമ്പങ്ങ
ളകന്നൂ പാതാളസീമയില്‍.

ദൂരെ ദൂരെയായ് കാണു
ന്നുണ്ടൊറ്റ വൃക്ഷത്തിന്‍ മുടി
യനേകനാളങ്ങളായ് മുക്തി
തേടുന്ന ശരണാര്‍ത്ഥന.

എന്നെ വരിഞ്ഞോളു ജല
ലതാസ്പര്‍ശംപോലെ
യുടല്‍ക്കനമഴിച്ചെന്റെ തമോ
ഗഹ്വരം ഭേദിച്ചേക്കൂ.

നിന്റെ വേരിറങ്ങട്ടെ കടും
പാറകള്‍ പിളര്‍ക്കുന്ന
ഹിംസതന്‍ സൗമ്യവാദന
ശ്രുതിയില്‍ ഞാന്‍ മയങ്ങട്ടെ..
■□

ആസാദ്
24 ജൂലായ് 2022