കതകിലൊരു
കള്ളനെ
ക്കുടിയിരുത്തി
ഞാന്‍.
പോറ്റുമേ
പെരുങ്കള്ളനെ
യുള്ളില്‍ കട
ന്നിരിക്കുന്ന
ജാരനെ.
അകത്തേക്കു
തുറന്നേ
വാതില്‍
പുറത്തേക്കു
വിടില്ല ഞാന്‍.
മൃദുവാം മന്ദ
സ്മിതത്തി
ലരിച്ചെത്തിയ
പ്രാണിയെ!
ജീവവായു
കിട്ടാത്തപോല്
പിടയുന്നു
ണ്ടാണ്ഭയം!
കതകെ
ങ്ങെന്നു കൈ
വിരലോടുന്നു.
പുളഞ്ഞു
പോകുന്നെ
ന്നിക്കിളിപ്പാടം.
എന്തുധൃതി
യെന്തു പരിഭ്രമ
മിപ്പുകച്ചി
ലെന്താനന്ദം!
പൊള്ളിയും
പൊലിഞ്ഞും
പൊന്തി
ത്താന്നെന്റെ
ഞാറ്റടി.
നീ കൊത്തി
പ്പിളരുന്നു
മൃതകോശങ്ങ
ളടരടരുകള്.
നീലിച്ച
വിരലാല്‍
തുറക്കുന്നു
മണ്മയ
ജാലകങ്ങള്‍.
ഞാനതിന്
ലഹരിയി
ലാഴത്തി
ലാകാശത്തി
ലജ്ഞാത
ദേശങ്ങളില്‍
താരാ
വ്യഥകളി
ലാദിബിന്ദുവില്.
നിന്പരിഭ്രമ
ത്തിലാണൂരു
ചുറ്റുന്നൂ.
നിന് പിടച്ചിലി
ലാണുടല്
ക്ഷോഭമറിയുന്നു.
നിന്റെ ശ്വാസം
ചുറ്റിച്ചുറ്റി
ച്ചുഴലിയാകുന്നൂ.
ഞാന്പുറ
ത്തെങ്ങോ പാറി
മേഘഗാനങ്ങള്
കേട്ടു
സമുദ്രങ്ങളോ
ടതു മന്ത്രിച്ചു.
സൂര്യനോ
വശംകെട്ടിരി
പ്പെന്നിരുട്ടില്!
ഇങ്ങനെ
തീരണം
ദിവസങ്ങള്‍.
നീയക
ത്തുണ്ടാവണ
മെന്റെ പെണ്
കതകിന്റെ
സൂത്രവും തേടി
പ്രാകണം.
■□
ആസാദ്
07 ആഗസ്ത് 2022
