ആണതിര്

ഏതു വേഷത്തിലു
മൊളിച്ചിരിപ്പു
ണ്ടൊരാണ്‍പൊലിമ.
ഏതുടലിലു
മമര്‍ന്നിരിപ്പു
ണ്ടൊരുപുല്ലിംഗം.
ഏതു പിണ്ഡത്തിലും
വന്നിരിപ്പുണ്ടു
കാലഭൈരവ,
നേതു കാലത്തോ
ഞെട്ടിച്ചാടി
കപാലനൃത്തം!
അവനെത്തളയ്ക്കാ
ന,ല്ലരിച്ചാന്തും
മുടിയും പൂണൂലു
മേതുവേഷവു
മുന്മാദത്തി
ലെരിക്കാമുടല്‍.

എങ്കിലും ബാല
ഭദ്രയായ്
പ്രസരിപ്പാര്‍ന്നോള്‍
മഹാ കാളിയായ്
തെച്ചിപ്പൂക്ക
ളണിഞ്ഞോള്‍
ശിവനര്‍ത്തകി
യായവനെ
പ്പൊതിഞ്ഞോള്‍
മഹാലിംഗത്തെ
ശമിപ്പിച്ചോ
പെണ്‍കൊടി?
ഏതുവേഷത്തി
ലേതുലിംഗമായ്
മിന്നല്‍പ്പാളി?
അവളേതു ലിംഗ
രൂപകം? പിളര്‍ന്ന
തേതാളംബരം?

കാമാഖ്യയില്‍
യോനീപീഠം
ബലിയാണ്‍മൃഗം.
നടന്നുപോയോള്‍
വീശും രക്തമിറ്റു
മാണ്‍ശിരസ്സെന്റെ
യരക്കെട്ടില്‍
തൂങ്ങിയാടുന്ന
കൈകളെന്റെ.
കാല്‍ച്ചോട്ടി
ലമര്‍ന്നോരുദ്ധൃത
ലിംഗമെന്റെ.
കരിങ്കാളി നക്കിയ
വീര്‍പ്പും വിയര്‍പ്പും
രേതസ്സുമെന്റെ.
എങ്കിലും
ശമിക്കാതാളു
മസഹിഷ്ണുത ഞാന്‍.

അവളെയുടുപ്പി
ച്ചുടുപ്പിച്ചെന്റെ
ദേവീപ്രഘോഷം.
അവളെപ്പിളര്‍
ന്നമ്പൊത്തൊ
ന്നക്ഷര ക്ഷേത്രങ്ങള്‍.
മന്ത്രവും പൂജയും
പുണ്യാഹവു
മെഴുന്നള്ളത്തും
മഹാഖ്യാന
ഗിരിപ്രഭാഷണവു
മെന്റേതല്ലോ.
വേഷമെന്റേ,തതിന്‍
ഭാഷയെന്റേതതിന്‍
വിധിചക്രവുമെന്റെ.
അതില്‍ ത്രസിക്കുമോ
എന്റേതല്ലാത്ത
ലിംഗങ്ങള്‍?
■□
ആസാദ്
08 ആഗസ്ത് 2022

1 Comment

  1. മാതാപിതാക്കൾ പെൺകുട്ടിയെപ്പോലെ വളർത്തിയ ആൺകുട്ടിയുടെ കഥ പറഞ്ഞ സിനിമയായിരുന്നു, “ചന്തുപൊട്ട്”. ആണിന്റെയും പെണ്ണിന്റെയും സൃഷ്ടി നടത്തുന്നതിൽ മനുഷ്യന് പങ്കു ഒന്നുമില്ലാത്ത സ്ഥിതിക്ക് അവർ അങ്ങനെ വളരുന്നത് തന്നെയല്ലേ നല്ലത്. എല്ലാത്തിലും തുല്യ അവകാശം അവർക്ക് നല്കി അവർ വളരട്ടെ. മന്ത്രിമാരും എം എൽ എ മാരും മറ്റും തുല്യ അളവിൽ ഉണ്ടാവട്ടെ.

Comments are closed.