വിപ്ലവ ബോധ്യം വിട്ടുകളയാത്ത ലോക കമ്യൂണിസ്റ്റ്

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ശീതയുദ്ധകാലത്തു യൂറോപ്പിലിരുന്നു ലോകത്തെ കണ്ട കമ്യണിസ്റ്റ് പത്രപ്രവര്‍ത്തകനാണ്. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ അതിജീവനത്തിനും മൂന്നാം ലോകത്തെ വിപ്ലവ മുന്നേറ്റത്തിനും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ഒരാള്‍. യൂറോപ്പിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും കമ്യണിസ്റ്റ് പാര്‍ട്ടികളെ ഇന്ത്യന്‍ പാര്‍ട്ടികളുമായി സൗഹാര്‍ദം പങ്കിടാന്‍ ഇടനില നിന്ന കമ്യൂണിസ്റ്റുകാരന്‍.

ബ്ലിറ്റ്‌സ് ലേഖകനായി കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിനിലേക്കു പോകുന്ന കാലത്ത് ഫ്രാങ്ക്ഫര്‍ട്ടിലും ബര്‍മിങ്ഹാമിലുമെല്ലാം മാര്‍ക്‌സിസത്തിലെ പുനര്‍വിചാരങ്ങളും സൂക്ഷ്മാന്വേഷണങ്ങളും ആരംഭിച്ചിരുന്നു. സോവിയറ്റ് മാര്‍ക്‌സിസത്തോടുള്ള യോജിപ്പും വിയോജിപ്പും ബുദ്ധിജീവികളുടെ സംവാദങ്ങളെ സജീവമാക്കിയിരുന്നു.

യൂറോപ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അതിന്റെ അലകളെത്തിയിരുന്നു. ആ സമയത്ത് കുഞ്ഞനന്തന്‍ നായര്‍ ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിച്ചത് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ്. മോസ്‌കോയില്‍ നേരത്തേ ലഭിച്ച പരിശീലനവും രൂപപ്പെട്ട സുഹൃദ് വലയവും അതിനു കാരണമായി.

ബര്‍ലിനില്‍നിന്നു മടങ്ങിവന്നശേഷം തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററില്‍ ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കേരളത്തിലെ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്ന കാലമായിരുന്നു അത്.

ഭിന്നാഭിപ്രായങ്ങളും ചേരികളും ശക്തിപ്പെട്ട് തുടങ്ങിയപ്പോള്‍ ഓദ്യോഗിക ചേരിയുടെ പ്രധാന വക്താവായി. തിരുവനന്തപുരം പ്ലീനം പുതുക്കിയ പാര്‍ട്ടി പരിപാടിയുടെ മികച്ച വ്യാഖ്യാതാവും അദ്ദേഹമായിരുന്നു. സിപിഎം നേതാക്കളില്‍ ഇഎംഎസിനോടും പിന്നീട് വി.എസ്. അച്യുതാനന്ദനോടുമായിരുന്നു അദ്ദേഹത്തിന് അടുപ്പം.

വിഎസിന്റെ വിയോജിപ്പുകളിലും അദ്ദേഹം ചേര്‍ന്നു നിന്നു. ഈ വിയോജിപ്പുകളാണ് 2007 മുതലുള്ള ഒരു ദശകക്കാലം അദ്ദേഹം പ്രകടിപ്പിച്ചത്. ഒളി ക്യാമറകള്‍ പറഞ്ഞതും പൊളിച്ചെഴുതിയതും റിവിഷനിസ്റ്റ് വൃതിചലനങ്ങളെപ്പറ്റിയാണ്.

ലോക കമ്യൂണിസ്റ്റിന്റെ വിപ്ലവ ബോധ്യങ്ങളാണ് മിക്കപ്പോഴും അദ്ദേഹത്തെ നയിച്ചത്. വാര്‍ധക്യത്തിലും പാര്‍ട്ടിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ ചാട്ടുളിപ്രയോഗം നടത്താന്‍ അദ്ദേഹം മടിച്ചില്ല. എന്നാല്‍, അവസാനകാലത്ത് പാര്‍ട്ടിയില്‍നിന്നുള്ള അകല്‍ച്ച അസഹ്യമായി. കമ്യണിസ്റ്റ് പാര്‍ട്ടിക്കാരനല്ലാതെ വിടവാങ്ങാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സിപിഎമ്മിലേക്ക് നിരുപാധികം ചാഞ്ഞു നിന്നു.

നാറാത്തെ വീട് കമ്യണിസ്റ്റുകാരുടെ പ്രിയപ്പെട്ട തുറന്ന വീടാണ്. അതു വലിയ ലോകത്തിലേക്കു സാധാരണക്കാരെ കൂട്ടിക്കൊണ്ടുപോയി. സ്നേഹപൂര്‍ണമായ ആതിഥ്യം ഞങ്ങള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ചിന്തയ്ക്കപ്പുറം ബോധത്തെ മേയാന്‍ അനുവദിക്കാത്ത കാര്‍ക്കശ്യമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരില്‍ കണ്ടത്. അതു രൂക്ഷമായ സമരകാലങ്ങളില്‍ ഓര്‍ക്കപ്പെടാതിരിക്കില്ല.