ഇരിപ്പിടം

നീ എനിക്കു നീട്ടുമെന്നു ഞാനാശിച്ച വാക്കുകള്‍
ഒന്നൊന്നായി നീയെന്നില്‍നിന്നെടുത്തു.
ഞാന്‍ നിനക്കാരാകാന്‍ കൊതിച്ചുവോ
അതെനിക്കു നീയായ് തിരിച്ചുതന്നു.
എന്റെ ജിജ്ഞാസ നിന്നിലൂടെ പുറത്തുവന്നു
ആകാംക്ഷ നിറഞ്ഞ നോട്ടത്തില്‍ ഞാന്‍ ചൂളി.

നീയില്ലാതെ

സ്നേഹത്തിനണിയിച്ച പേരുകള്‍ വാഴില്ല.
നെറുകയിലുമ്മകള്‍ തളിര്‍ത്തുപൊന്തില്ല.
ഹിമക്കട്ടയില്‍ ചെന്നിടിച്ച പായ്ക്കപ്പലിന്‍
ദേഹസഞ്ചാരസംഭീതികളൊടുങ്ങില്ല.

ഗന്ധം

എരിവിന്റെയും മധുരത്തിന്റെയും
ഈറന്‍ചുറ്റിയ നില്‍പ്പില്‍
മേല്‍വിലാസമെഴുതാതെ നീയയച്ച
കത്തുകള്‍ ഞാന്‍ വായിക്കുന്നു.
ശബ്ദമില്ലാതെ പാടിയ
പാട്ടുകള്‍ കേള്‍ക്കുന്നു.

നീതി

യൗവ്വനം ആരുടെ ഭിക്ഷയാണ്?
ഏത് ആള്‍ദൈവത്തെയാണ്
പ്രസാദിപ്പിക്കേണ്ടത്?
ദൈവങ്ങള്‍ അവന്റെ യൗവ്വനം
മടക്കിക്കൊടുക്കുമോ?

ഉടലും ഉസ്താദും

ഉസ്താദിനറിയാം,
ആണുടലുകളെ തളയ്ക്കാനുള്ള സൂത്രം
ഒരു തിരുകുറ്റിയില്‍ സകല ചലനങ്ങളും
വളഞ്ഞു വട്ടംചുറ്റി നില്‍ക്കും.
ഉടല്‍ച്ചുറ്റിനു നടുവില്‍ ഉസ്താദ്
നിവര്‍ന്നു നില്‍ക്കും.

ആണേ ആണേ

ആണേയാണേ പേരെന്തെ
ന്നെത്രവിളിച്ചു തിരക്കട്ടെ
പല പേരുകളാണൂറ്റംകൊള്ളു
മൊരൊറ്റപ്പേരിന്‍ പര്യായം!