ആണേ ആണേ

ആണേയാണേ പേരെന്തെ
ന്നെത്രവിളിച്ചു തിരക്കട്ടെ
പല പേരുകളാണൂറ്റംകൊള്ളു
മൊരൊറ്റപ്പേരിന്‍ പര്യായം!

പുച്ഛം

ഉപേക്ഷിക്കപ്പെട്ട പദങ്ങളുടെ
ശബ്ദകോശത്തില്‍നിന്ന്
അതെങ്ങനെ പുറത്തു ചാടി ?
അഥവാ, അത് ഉപേക്ഷിക്കപ്പെട്ടിരുന്നില്ലേ?

ആനന്ദം

താരകള്‍ വന്നിരുന്നു നിന്‍
കൈയനക്കത്തില്‍ മിന്നീ
പൊങ്ങിപ്പാറിയ മുടിയില്‍
തെന്നിത്തെന്നിയേ മാഞ്ഞൂ

കറ്റ

മുറ്റത്തിനപ്പുറം വയലാണോ?
മുളയിലെല്ലാം കതിരാണോ?
വരഞ്ഞില്ലല്ലോ വയലുകള്‍
മഞ്ഞവീഴുന്ന പച്ചകള്‍!

കൂട്ട്

ചീന്തുവാന്‍ പണിപ്പെട്ടനേര
മവന്റെ കാറ്റുകള്‍ വട്ടമിട്ടൂ
നീരൊഴുക്കുകള്‍ ചുഴികളായി.
അവനിലപ്പോളാമ്പലുകള്‍
ചക്രവാളപ്പൊയ്കയോളം
ഞാനദൃശ്യനായതെപ്പോ
ളെന്നെ ഞാനിനി കാണുമോ?

വില്‍പ്പന

വിറ്റിടാം
പല കോല്‍ താഴെ-
പ്പിടയ്ക്കും ജലം, പ്രകാശവു
മൂര്‍ജ്ജവും ചേര്‍ന്നു
കരുവാളിച്ച കല്‍ക്കരി.
തീ ചുരത്തുന്ന ഗന്ധകപ്പാളി
ചിത്രലിപികള്‍, മുനിയറകള്‍