അറിയാ ദേശത്തുനിന്നൊരാള്
സ്മൃതിഭ്രംശം വന്നവന്
ഭാഷകള്‍ മറന്നവന്.
ഭയത്താല്‍ കുനിഞ്ഞവന്‍.
വിണ്ടുകീറിയൊരു ചുമ
ലേതു ഭാഷയിലും വായിക്കാം
പൂപ്പലാല് ചാപ്പകുത്തീട്ടു-
ണ്ടാട്ടിയോടിക്കപ്പെട്ടവന്.
എത്ര നിസ്സംഗമാണഭിവാദ്യം
മുമ്പു കണ്ടതേയില്ലാത്ത പോല്‍.
ഒരു മുന്നേറ്റത്തിലുമിരു
ദേശത്തൊന്നിക്കാത്തതുപോല്!
ഓര്മ്മകളെല്ലാമെടുത്തും
ഭാഷകള്‍ കലക്കിയും ശിരോ
മുണ്ഡനം ചെയ്യപ്പെട്ടോന്, കിട
പ്പാടവുമന്തസ്സുമുരിയപ്പെട്ടോന്.
തെരുവില്‍ തള്ളപ്പെട്ടോന്
പ്രിയങ്ങളില്നിന്നും പറിച്ചെടു
ത്ത,ല്പ്പപ്രാണനായാത്മ
നിന്ദയില്‍ വെന്തുരുകുന്നോന്.
കൊടിപറിക്കപ്പെട്ട കൊടിമര,
മേറ്റുവിളിക്കപ്പെടാത്ത മുദ്രാ
വാക്യ,മനേകസമരങ്ങളില്
ജ്വലിച്ചവീറിന്നനാഥത്വം.
ഓര്ത്തിരിക്കാതെത്തീ വെള്ള
പ്പൊക്കമോ മലയിടിച്ചിലോ
ചുഴലിക്കാറ്റോ പേമാരിയോ
കവര്‍ച്ചയോ കയ്യേറ്റമോ?
പാടിയില്ലൊരു പിശാചും വരും
കാലമേ പകപോക്കുവാന്‍.
കുടിയൊഴിക്കുന്നിതേ ‘ദുഷ്
പ്രഭുപ്പുലയാടിക’ളേതിനും.
വീടിരുന്നിടം മാറാം, വേഗ
വികാസത്തിന്നുദ്യാനമായ്.
വാഴക്കുലവെട്ടിപ്പോയോന്
പുത്തന്‍ പൂണൂലിലിറങ്ങിടാം.
മൂലമ്പിള്ളിക്കാരനെന്നു വിളി
പ്പേരവനതുതന്നെ ഗോത്രവും
ആത്മബലിയാണാചാര
മലച്ചിലില്തന്നെയൊടുങ്ങണം.
ദേശമില്ലാത്തവന്‍, ഭാഷ
കൈമോശംവന്നവനുറ്റവരാല്
നാടുകടത്തപ്പെട്ടോനോര്മ്മ
ത്തണലുകളറുക്കപ്പെട്ടോന്
വന്നു നില്ക്കുന്നൂ മുന്നില്‍, വഴി
മുടക്കാതെ മാറെടോ, പോയി
ട്ടെന്തെന്തു കാര്യങ്ങള്‍ തീര്‍ക്കാന്‍
വേഗവണ്ടിവന്നെത്താറായി!
ആസാദ്
16 ഏപ്രില്‍ 2022