വാങ്ങുവിന്‍
വെയില്‍നാളം
വിറ്റാമിന്‍ തിളക്കങ്ങള്‍
വന്നു കൊള്ളുക, വിയര്‍ക്കുക
വിളര്‍ച്ച മാറ്റുകയെന്നാവാം പരസ്യം.
ഒരു വിരല്പ്പൊട്ടു വെയില്
ഒരു കൈക്കുമ്പിള്‍ വെയില്
ഒരു കുടയോളം വെയില്
ഒരു മുറ്റം നിറയെ വെയില്.
ഒരു മൈതാന വെയില്.
ഒരു നീന്തല്‍ക്കുള വെയില്
മഞ്ഞുതുള്ളികള്‍ വിരി
ഞ്ഞിറങ്ങിയ മുഗ്ദ്ധ വെയില്.
പെരുവിരല്‍ ചുംബി
ച്ചുച്ചിയില് പൂവിരിയിക്കുന്ന
സിരാസ്ഫോടനം.
വര്‍ണങ്ങള്‍തന്‍ തിരനോട്ടം.
കണ്മിഴിക്കുമ്പോളി
തിരുട്ടു വില്‍ക്കുന്ന പൂക്കട.
വെയിലു പൊള്ളിച്ച കിനാക്കട.
ഉച്ചക്കണിയ്ക്കുള്ള കട.
കണ്ണടയ്ക്കുമ്പോ
ഴറിയാം മഴവെയില്ക്കളം.
സൂര്യകാന്തികളെ
നാണിപ്പിക്കും നഗ്നവെയില്.
ഉടലെമ്പാടുമുരസി യകം
ത്രസിപ്പിക്കും സ്നിഗ്ദ്ധവെയില്.
കോശങ്ങളിടയുമ്പോ
ളൂതുമാശ്വാസ വെയില്.
വാങ്ങുവിന്‍ വെയില്‍നാളം
പൂങ്കുലപ്പൊലിപോല്
ചൂടാം നെറുകയില്‍
സൂര്യകാന്തികള്പോ
ലമര്ത്താം നെഞ്ചില്‍
കൊളുത്താം ചൂണ്ടുവിരലില്‍.
കൊടിയില്‍ പാറിക്കാ
മുച്ചഭാഷിണിയിലിരമ്പിക്കാം
വിരുന്നിനു നിറയ്ക്കാം
കോപ്പകളില്‍, മഞ്ഞുചേര്
ത്തലിയിക്കാം തൃഷ്ണയില്‍.
മധുരിപ്പിക്കാം മൃതിയെ.
ഒരു കുട വെയ്ലില്‍
പുണരാമൊരാളെ
സ്നേഹമേയെന്നൊരു
സൂചിയാഴ്ത്താം പിന്കഴുത്തില്
തെന്നിപ്പോകാതെയെ
ന്നില്ലാക്കുടയില്ക്കുളിരാവാം.
മുറ്റത്തലസം
മൈതാനത്തു വേഗം
നീന്തല്ക്കുളത്തിലായം
കൈക്കുമ്പിളില്‍ ശാന്തം
വിരല്പ്പോട്ടില് തെന്നി
പ്പലതാകും സൂര്യലീലകള്.
വാങ്ങുവിന്‍
വെയില്‍നാളം.
ഒരു കുടന്ന കണിക്കൊന്ന.
■□
ആസാദ്
20 ഏപ്രില്‍ 2022