(വി ആര്‍ സുധീഷിന്റെ പ്രണയിനിക്ക്)
ഒരു കാറ്റുവന്നവനെയാലിംഗനം ചെയ്തു.
കാട്ടുവള്ളികള്‍പോല്‍ ചൂഴ്ന്നേതുകാമുകി.
കാലുകള്‍ ചുറ്റിയരക്കെട്ടിലമര്‍ന്നു, നെഞ്ചി
ലിളകിയാടിയവനിലടിഞ്ഞു ചുഴലിയായ്
ചുണ്ടില്‍ കൊത്തി കരിമ്പനകളിടയുന്നു.
അകംപൊള്ളിപ്പൊന്തുംകാറ്റിണചേരുന്നൂ.
മേശയ്ക്കിരുപുറമിരുന്നു കാറ്റും കഥാ
കൃത്തും ഗ്ലാസുകളില്‍ പകര്‍ന്നു രതിഫല.
അനശ്വരതയുടെ മാന്ത്രികത്തോപ്പി
ലവളുടെ പൊട്ടിച്ചിരിച്ചില്ലുപാളികള്‍ ചിതറീ.
ചേര്‍ന്നിരിക്കുന്നതളകയില്‍, മന്ദാകിനിയി
ലവന്‍ ചിരികളെമേയാന്‍വിട്ടു മേഘങ്ങളില്‍.
എന്റെ ഗന്ധര്‍വ്വനെത്തീണ്ടിയ സ്നേഹങ്ങളേ
വിട്ടുപോവി,നവന്റെ മുറിവുകളില്‍ കാട്ടു
പൂവുകള്‍ കുത്തിയലങ്കരിക്കണം ശിരസ്സില്‍
സൂര്യവലയംപോലുമ്മകളുടെ കിരീടംവേണം.
കൈകളില്‍ വള, കാലില്‍ത്തള വരിഞ്ഞു
കെട്ടണം മന്ദാരമാലയാ,ലീ രാത്രിയേയുള്ളു.
പഴയ മയില്‍പ്പീലികള്‍ പെറ്റുകിട്ടിയ ഭൂത
കാമമാണെനിക്കു സ്നേഹം, നീയെഴുതിയ
പുസ്തകത്താളിലോരോന്നിലും കിളുര്‍ത്ത്
വാക്കിലെല്ലാം വാടകെട്ടിയ രേതസ്സിന്‍ പത.
ഒച്ചയില്ലാതെന്നും പതുങ്ങിയ കുലീനത
യുരിഞ്ഞുപോ, യുടലഴിഞ്ഞേകാന്തതയില്‍.
ഏതു മേഘപാതകളില്‍ വന്നു ചേരുവാന്‍
ഗന്ധര്‍വ്വന്‍, പ്രപഞ്ച വാതിലില്‍ കാത്തോള്‍
തലതല്ലിയവനെ വിളിക്കെ,യകനോവുകള്‍
ക്കൗഷധമുട,ലരികില്‍ വരൂവെന്നശരീരി.
ഗന്ധര്‍വ്വനോ, ചൈത്രരഥത്തിലെ സംഹാര
ദേവനോ, കഥകളുടെ കാളിദാസനോ വന്നൂ?
അതു താങ്കളോ, കൊല്ലുന്ന ചിരികളില്‍
പൂത്തുലയുന്നു കവിള്‍പ്പാടം, വെയില്‍ വീശി
ച്ചായുന്നു കണ്ണുകള്‍, കാറ്റിടയുന്ന മുടി
മുത്തം വെച്ചു പോം നെറ്റിത്തടം, നീയേതു
കാമനകള്‍ക്കുമിടയന്‍, ശിവദ്രുമത്തളിര്‍
ചൂടിക്കാമംഗോപാംഗം വിഷാദിയിവള്‍.
നിന്നെ വായിച്ചു തീ പിടിച്ചോള്‍, കണ്ട മാത്ര
വാരിപ്പുണര്‍ന്നോളൊരു ഗ്ലാസു മൊത്തി
ത്തിടുക്കത്തെവിട്ടല്‍പ്പാല്‍പ്പമിറക്കുമ്പോ
ളമര്‍ത്തിയ ചിരിയോടെയാവാഹിച്ചു നീ
വെള്ളം ചേര്‍ക്കാതെന്‍ കളിമ്പം രുചിക്കുന്നൂ
സ്ട്രോവെച്ചല്ലോ കുടിക്കുന്നു കൊടുങ്കാറ്റ്.
□■
ആസാദ്