നീ തൊടുമ്പോ
ളുലയുന്നു നിമ്നഗ.
നീരിഴകള്‍ പിടഞ്ഞു തെന്നുന്നു.
വയ്യ നീങ്ങുവാന്‍
വിരലില്‍ കുരുങ്ങിയാ
ണിഴകളാഴച്ചുഴികളാകുന്നു.
വിരലു കൊണ്ടിടം
പൊക്കിളായ്, ചുഴിയിട
മാഴ്ന്നു നീറുന്നു വേരിന്‍തരിപ്പുകള്‍.
വിരലു നീങ്ങുമ്പോ
ഴെന്തൊരുള്‍ക്കമ്പന
മുടലു പൊട്ടിത്തെറിക്കുന്നപോലെ.
ഉള്‍ക്കുതിപ്പുക
ളാര്‍ത്തുണരുമ്പോ
ളകനിലാവുകള്‍ പൊട്ടിപ്പടരുമ്പോള്‍
അമ്പിളിപോലെ
നിന്‍ വിരല്‍ത്തു
മ്പിളകി നീങ്ങുന്നു മേല്‍ത്തിരകളില്‍.
നീയെഴുതുക
യാവണം പാട്ടുക
ളേറെ പഴയതാമിച്ഛാലിപികളില്‍
നീ പകുക്കുക
യാവണം ജീവനെ
യൊറ്റബിന്ദുവിലൂറും ധൃതികളില്‍.
എങ്കിലുമൊന്നു
മേശാത്തതുപോ
ലെത്ര നിസ്സംഗനായ് നീയിരിക്കുന്നൂ!
നീര്‍ക്കയങ്ങളി
ലൂളിയിട്ടെത്തി
യെവ്വിധമുടലെന്നെ പകുക്കുന്നു!
എത്രമേല്‍ സൂക്ഷ്മ
മാകിലും നിന്റെ
യുള്ളിരമ്പങ്ങള്‍ വേറിട്ടു കേള്‍ക്കുന്നു.
നാദനാഡികള്‍
പൊട്ടുന്ന സന്ധിയില്‍
നാമൊരൊറ്റച്ചുഴിയില്‍ പിണയുന്നു.
■
ആസാദ്
04 ഏപ്രില്‍ 2022