അഴിമുഖം

പുഴമിനുപ്പില്‍ കണ്ണുടക്കി
കരയില്‍ നില്‍ക്കെ
കടലരികത്തവള്‍ക്കൊപ്പ
മിരുന്നതോര്‍ക്കുന്നു.
കടലശാന്ത
മിരമ്പിയാര്‍ക്കെ
ചകിതയായ് ചാഞ്ഞു
നെഞ്ചില്‍, മുടിയിഴകളാര്‍ത്തു
പൊന്തീ കരിന്തീജ്വാലപോലെ.

കണ്ണടച്ചിരുന്നു നിന്റെ
നെഞ്ചിടിപ്പുടലിനോ
ടുടല്‍മണല്‍ത്തരികളോ
ടതു കടല്‍ത്തിരകളോ
ടിടഞ്ഞു ചെയ് വ
തെന്തെന്നോര്‍ത്തു ഞാന്‍.

ഒരിരമ്പമെന്നിലാകെ
വിരലുകുത്തിവരച്ചു
നമ്മള്‍ കണ്ടതെന്തിനോ?
കണ്ടമാത്ര
നാമറിയും മു
മ്പകത്തണകള്‍
പൊട്ടിയൊലിച്ചതെന്തിനോ?

ഒലിപ്പുകള്‍ക്കണയുടല്‍.
ഉടലുകള്‍ക്കദൃശ്യവേലിക
ളകന്നുമാത്ര
മറിഞ്ഞു നാം ഋതുക്കളേറെ.
ഒരേവിരിപ്പി
ലെത്രയാണ്ടുറങ്ങി
യൊരേപുലര്‍ച്ചയി
ലൊത്തുണര്‍ന്നൂ
പിരിഞ്ഞു രണ്ടായ്.

മണ്ണിലാഞ്ഞുവെട്ടിഞാന്‍
നിന്റെയുള്ളു കുളിര്‍ക്കുവാന്‍.
ഉള്ളുറവകള്‍
പൊട്ടിയെങ്ങാന്‍
കഠിനമൗനമലിയുവാന്‍.
പരുഷപേശികളയയുവാന്‍
തിരിച്ചുമെത്ര നോക്കി നീ!

ഏതു രസസൂത്രമി
ത്തനുവടര്‍ത്തുവാ
നകമെടുത്തു പുറത്തുവെച്ചു
പുറമെടുത്തടയ്ക്കുവാ
നെങ്ങു വാതി
ലെനിക്കു നീയും
നിനക്കു ഞാനുമാകുവാ
നകമിരമ്പുമ്പോള്‍?

അനേകരന്ധ്രമുണ്ടു
സൂര്യചന്ദ്രതാരക
ളൊളിച്ചുപാര്‍ക്കു
മിരുട്ടുകള്‍.
വരിഞ്ഞുകെട്ടി വീര്‍പ്പടക്കി
കാത്തുപോന്നു നാമവ.
തുറക്ക വയ്യ
ഭയമിറങ്ങുമ്പോ
ളതൂരു ചുറ്റുമ്പോള്‍.

സാക്ഷയിട്ടടച്ച
വാതില്‍പ്പഴുതിലൂടെ
കണ്ടതേതു വളവുകള്‍
കേട്ടതേതു മിടിപ്പുകള്‍?
മിന്നിനിന്നു താരകള്‍
നിലാവിലെണ്ണ മിനുപ്പുകള്‍
തൊട്ടുതൊട്ടില്ലെന്ന മാത്ര
മാഞ്ഞു പോയീ സകലതും.

പുഴമിനുപ്പില്‍ കണ്ണടര്‍ത്തി
കരയില്‍ നില്‍ക്കെ
കണ്ടു, കടലരിക
ത്തവളൊറ്റ
യ്ക്കിരിക്കയാണല്ലോ.
മണലിലവള്‍
കാനായിക്കരവിരുതുപോ
ലുടുതുണികളെറിഞ്ഞും
കരിന്തീ കൊളുത്തിയു
മാളുമൊറ്റശ്ശിലയായല്ലോ.

ആസാദ്
21 ജനവരി 2022

Leave a Reply