സുഭാഷ് ചൗക്കിലൊരു പഴയ മാളിക
മണ്‍കട്ടകള്‍കൊണ്ടു പണിതത്.
കല്‍വിടവുകള്‍ പിളര്‍ന്നു പന്തലിച്ചു
പിച്ചകം, കോച്ചും തണുപ്പാര്‍ന്ന രാത്രി.
നഗരത്തിലിങ്ങനെ കാത്തിരിക്കുമോ
കാലം കടന്നൊരു രാജകുമാരി.
അകത്തവളുടെ വിശാലമാം കിടപ്പറ
ജനല്‍ക്കമാനങ്ങളില്‍ വര്‍ണചാരുത.
വന്നു കയറിയതാവുമോ, പിടിച്ചു
കൊണ്ടുവന്നതോ മൃഗനയനീ
പകിട്ടുകളെനിക്കപരിചിതം, വിടുമോ
ദൂരെയെങ്ങാനിരിക്കുമെനിക്കിടം.
എത്ര സൗമ്യമായൊരാള്‍ രാജകീയ
മര്യാദയില്‍ വിളിച്ചിരുത്തുന്നൂ
പുതുകാലത്തിന്‍ പ്രഭോ മതിയാകുമോ
പഴയഗന്ധത്തില്‍ പിച്ചകപ്രഭാവം?
ജലമാളികയിലുമ്മവെയ്ക്കും മത്സ്യ
ഗന്ധികള്‍ കാറ്റുകള്‍ തഴുകുന്നൂ.
കാറ്റിന്റെ മാളികതൊട്ടെന്നെ വിടാതെ
യെത്തിച്ചതാണീ പിച്ചകമാളികയില്‍.
ഒറ്റയ്ക്കു പോവരുതെന്നു വിലക്കിയ
സുഹൃത്തേ, ഞാനിങ്ങൊറ്റയുടെ
മറുപാതിയില്‍ ചെന്നുചേരുകയാവും
പതുക്കെയാശ്ലേഷിപ്പതവളാവണം.
ദൂരെയല്ലാതുണ്ടു കാണുന്നു നെടുങ്കന്‍
കല്‍മതി, ലകത്തു കോട്ട, കൂറ്റന്‍
പീരങ്കികള്‍, ശബ്ദമില്ലാത്ത പടയൊരുക്കം,
ഒറ്റയ്ക്കൊരു വെളിച്ചമിരുള്‍ കീറുന്നൂ.
അതിന്‍മിന്നലില്‍ പഴയ വീറെഴും പഥം
തെളിയെ, സുഭാഷ് ചൗക്കിലെത്തിയ
കാലപ്പടയോട്ടമത്രയും ചലച്ചിത്രം.
ഞാനിവിടെയെത്തേണ്ടും പിന്മുറക്കാരന്‍.
പഴയ കൊട്ടാരം, കിളിവാതിലുക,
ളേണിപ്പടികള്‍, മച്ചുകള്‍, വിശാലമാം
തുറസ്സുകള്‍ നൃത്തശാലക,ളുദ്യാനങ്ങള്‍
കിട്ടുമോ സിഗററ്റല്‍പ്പം ലഹരിനീര്‍?
ഒമ്പതില്‍ വിളിക്കാ,മേതക്കവുമാവാം.
വേണ്ടതെത്തിക്കാം മടിക്കാതെ പറയൂ.
ഇവിടെ വന്നതു തെക്കന്‍ സഞ്ചാരിയല്ല
കാലമെത്രയോ കാത്തടഞ്ഞ കണ്‍പാതി.
ജയ്പൂരിലേക്കു പോരുമ്പോഴൊരു യാത്ര.
വഴിതെറ്റി വളഞ്ഞെത്തിയ രാത്രിയി
ലിരുട്ടില്‍ത്തന്നെയറിഞ്ഞേനൊരു സ്പര്‍ശം
കാലമാളികയിലെ പിച്ചകപ്പെണ്‍മണം.
തണുപ്പരിക്കുന്ന രാത്രി, ടാറ്റൂകഫേയില്‍
മിന്നും മേല്‍വസ്ത്രങ്ങളിഴച്ചു ഛായാ
ഗ്രാഹിക്കു മുന്‍പിലെന്നപോല്‍ കൃത്യമായ്
ചുവടുവെച്ചു നിന്നോള്‍, കൈ പിടിച്ചോള്‍.
കിടക്കുന്നലസം, പ്രാണനേയിവളില്‍ഞാ
നുയിര്‍പ്പിച്ചതേതു കാലത്തെ, കിളുര്‍ത്തോ
കലാപത്തിന്‍ വിത്തുകള്‍, ഉരിഞ്ഞതെല്ലാം
ചേര്‍ത്തുടലില്‍ മറ ചെയ്യാമോ ഭൂതത്തെ?
പൊടുന്നനെ പൊട്ടിച്ചിരി,യിപ്പോഴുമുണ്ടോ
പ്രിയാ നിന്റെ വിഭ്രമങ്ങളരുതാത്തതു
ചെയ്യുംപോല്‍ പതര്‍ച്ച, നെറ്റിയില്‍ വേര്‍പ്പ്
മുറുകെ പുണര്‍ന്നോളൂ, ഭീതി ഞാന്‍ മാറ്റാം.
■
ആസാദ്
02 ജനുവരി 2022