ഉടുപ്പു മാറുമ്പോള്‍

ഉടുപ്പു മാറുമ്പോള്‍
നടപ്പു മാറുന്നു
ഉടല്‍നടുക്കങ്ങള്‍
വഴി പുതുക്കുന്നു.

നടക്കേണ്ടും വഴി
യകത്തു തിക്കുമ്പോള്‍
ഉടുപ്പതിന്‍ തിര
യിളക്കമായതാം.

വിരലുകള്‍ നഖ
മഴിച്ചു രാകുന്നു
മുടിയിഴകളെ
വിടര്‍ത്തിപ്പിന്നുന്നു.

അഴിഞ്ഞ പേശികള്‍
നിവര്‍ന്നുയരുന്നു
ചകിത നേത്രത്തില്‍
കനലു പായുന്നു

കവിളില്‍ ചുംബന
വടുക്കള്‍ മായുന്നു
ഭയന്ന മാറിലെ
കിതപ്പമരുന്നു

ചുമലില്‍ കൈപ്പാടു
പൊരിഞ്ഞു തീരുമ്പോള്‍
നുകത്തിന്‍ ശാസന
യകന്നു പോകുന്നു.

നെറുകയിലുമ്മ
യനുഗ്രഹപ്പൂട്ട-
തുരുകിപ്പോകുന്നു
കുതറിപ്പോരുമ്പോള്‍.

തെരുതെരെ വീണ
യനേക സ്പര്‍ശങ്ങ
ളടിഞ്ഞു കൂടിയ
ചുമരഴിയുന്നു.

ഇരുട്ടുതാനല്ലോ
വഴിഞ്ഞൊഴുകുന്നു
വെളിച്ചംകൊണ്ടുടല്‍
പണിഞ്ഞു തീര്‍ക്കണം.

വെളിച്ചത്തിന്നിഴ
പലമട്ടാകയാ
ലുടുപ്പിലുമുണ്ടാം
നിതാന്ത വൈചിത്ര്യം.

ഉടുപ്പു മാറുമ്പോള്‍
ഇരുട്ടു മാത്രമാം.
വെളിച്ചത്തിന്‍ കറ
കളഞ്ഞ സത്തയാം.

അതിനകത്തെന്നു
മമര്‍ന്നിരിപ്പുണ്ടാ
മടിഞ്ഞ തൃഷ്ണകള്‍
മുളയ്ക്കും വിത്തുകള്‍.

ഉടുപ്പു മാറ്റങ്ങ
ളതിന്‍ പടര്‍പ്പുക
ളദൃശ്യവാങ്മയ
മുടല്‍ച്ചുറ്റിന്‍ ലയം.

അതിന്റെ കാന്തിക
ഭ്രമണസന്ധികള്‍
ഉടലിലെമ്പാടും
ചുഴലി തീര്‍ത്തിടാം.

ഉടുപ്പു മാറുമ്പോ
ളുടലല്ലേ മാറി?
ഉടലകത്തിരു
ന്നിരുളല്ലേ പാടീ?

ആസാദ്
01 ജനുവരി 2022

Leave a Reply