കോഴിക്കോട്ടെ കടല്‍ക്കരയില്‍

രാത്രി കടല്‍ക്കരയിലെന്തു തിരക്കു സീ
ക്യൂന്‍സില്‍നിന്നിറങ്ങി പരക്കുന്നു ചന്ദ്രന്‍.
പ്രകാശം, ചുവടുകള്‍ തെന്നുന്ന വാക്കില്‍.
കടലില്‍ക്കലരുന്നു ക്രോധക്കൊടും രസം.

പലനിറം പൂശിത്തെളിയും ജനാലകള്‍
വെണ്‍നിലാവേ വരൂവെന്നോ ക്ഷണിക്കുന്നു
തെല്ലുറക്കെച്ചുവടുകള്‍ വെച്ചു പൊന്തുന്നു
മാളികമേല്‍ കാത്തിരിക്കുന്നതാര്‍ പ്രിയ?

ശിലകളില്‍ കൊത്തിനിരത്തിയ ഭംഗികള്‍
ചേരാത്ത ബിംബങ്ങളൊത്തിരിക്കും പോലെ.
വെണ്‍പുതപ്പിനാലവ മൂടുവാന്‍ കാറ്റിന്റെ
യോരംപിടിച്ചു ധൃതിപ്പെടും ലഹരികള്‍.

വന്നിരമ്പുന്ന തിരയേതു, ലഹരിതന്‍ കടല്‍
ചെന്നുമുട്ടുന്ന കരയേതു, ദൂരവെട്ടത്തി
ലുലയുമുരുവേത്, രാത്രിയെയപ്പാടെ
വിഴുങ്ങിയോ നിന്നിന്ദ്രജാലം, കാവ്യചന്ദ്രനേ!

എഴുതിയതാര്‍ ചതുരംഗക്കലി,യിരുള്‍
വെളിച്ചങ്ങളറുപത്തിനാലു കളങ്ങളില്‍
ഒന്നില്‍നിന്നു ഞാന്‍ നോക്കീ മറുപുറം
മറ്റൊരു കാലാ,ളമാവാസി കാലാന്തകന്‍!

വരുന്നുവോ നമുക്കൊന്നു പോകണം സീ
ക്യൂന്‍ വിളിക്കുന്നു, മുങ്ങി നിവരുമ്പോള്‍
നമ്മളിരുപുറം നില്‍ക്കാത്ത കള്ളികള്‍
നമ്മെ നിരക്കിപ്പുളഞ്ഞിടും തിരകളായ്.

വന്നു കിടക്കണം പഴയമണല്‍തിട്ടിലെ
നനവില്‍ക്കുതിര്‍ന്നന്യോന്യം പുല്‍കണം.
നേര്‍ത്ത വിരലനക്കങ്ങളാല്‍ നീയെന്റെ
ബാബുക്കയായ് മാഞ്ഞ രാഗമുണര്‍ത്തണം.

ഇരുള്‍ക്കരയിലിരിപ്പുണ്ടുറൂ,ബക്കിത്തത്തെ
തണുപ്പിക്കയാണയാള്‍, കൊടുങ്ങല്ലൂരും
കക്കാടും കലഹിക്കുന്നൂ പരസ്പരം കേ ടി
പ്രണയത്തിന്‍ കടല്‍ക്കോളിലുലയുന്നൂ.

പലവഴികളായ് ചേര്‍ന്നുമകന്നും പലമ
ട്ടസ്തമയങ്ങളറിഞ്ഞും പലപായ്ക്കപ്പലില്‍
വന്നതാം ധീര സാഹസങ്ങളെ വരവേറ്റും
പൊരുതിയും കോഴിക്കോട്ടെ വെളിച്ചങ്ങള്‍.

അതെല്ലാമതുപോല്‍ വിരലാല്‍ തുഴയവേ
മണലില്‍പൊങ്ങുന്നു പിന്‍നിലാവുകള്‍
എന്‍പിയും പൊറ്റക്കാടും എംടിയും ബഷീറും
കൊളുത്തിയ തീപ്പൊട്ടിന്‍ മായാമറുകുകള്‍.

കണ്‍ചിമ്മീ വിളക്കുമാടങ്ങ,ളടര്‍ന്നു തീരുന്നു
കടല്‍പ്പാല,മകന്നുപോയ് പടയോട്ടങ്ങള്‍.
സകലതും ചേര്‍ത്തു വാറ്റിയ വീഞ്ഞെ
ന്നശാന്തമാം ഞരമ്പിലിന്നെരിതീദ്രാവകം.

ഉയിര്‍പ്പിച്ചതാണു നീ പച്ചതന്‍ താഴ് വര.
കടലതിരില്‍ മാഞ്ഞ പ്രണയത്തണലുകള്‍.
കോളേജുകാലത്തൊളിച്ചു പോന്നുത്സാഹം
ചുണ്ടില്‍ക്കൊളുത്തിയ വിസ്മയോന്മാദം.

ധനു തുടങ്ങിയേയുള്ളു രാത്രിയില്‍ മഞ്ഞു
വീഴുന്നതേയുള്ളു, ജനല്‍പ്പാളികളടച്ചിരുള്‍
രാത്രിയെ വിളിക്കുവാന്‍ വെമ്പുന്നു വീടുകള്‍.
കാവ്യചന്ദ്രികേ ക്യൂന്‍ വെളിച്ചമേ മടങ്ങാമിനി.

ആസാദ്
18 ഡിസംബര്‍ 2021

Leave a Reply