പയ്യാനക്കല്‍ റോഡിലിപ്പോള്‍
തിരിഞ്ഞിറങ്ങും ഫ്ലൈ ഓവര്‍.
പള്ളിമൂലയിറങ്ങി റെയില്‍വേ
ഗേറ്റില്‍ തട്ടി നിന്നിടേണ്ട.
ഇരുപുറം നോക്കി വേഗ
ക്കുതിപ്പടക്കി നൂണ്ടതാം
പഴയകാലമേ വരൂ, വെയില്
പ്പാളമേറുക സൂര്യനേ
കടലിലേക്കു നീണ്ട പാത
പാട്ടിലേക്കു ചേര്ത്തവന്
കൊണ്ടുപോയിരുന്നു മു
മ്പുള്ളലിവിന് ജലധിയില്‍
അവിടെയുണ്ടായിരുന്നു
പാട്ടുറഞ്ഞ കൊന്നകള്‍
സൂര്യനെയുലയിലിട്ടു
ഭംഗി കോര്‍ത്ത വിസ്മയം.
അവനെഴുതി സ്നേഹമേ
നിന്നകങ്ങള് നേരുകള്‍
പാളിവീഴും ചിരികളില്‍
പതിഞ്ഞ ഭാഷണങ്ങളില്‍.
അവനുമൊത്തു, (ഞങ്ങള്‍
മൂവര്‍ ) നടന്നു രാത്രിയെ
കുറുക്കുമേതു സൂത്രമോടെ.
നഗരരാവരങ്ങുകള്.
പ്രണയമായിരുന്നു ജീവ
കോശമാകെ യവനു
വീഞ്ഞുപോലതു പകര്
ന്നെനിക്കു കാവ്യസന്ധ്യകള്‍.
അവനലിഞ്ഞ സൗഹൃദ
മനന്തവീചിയാര്ന്നതാം
അതിന് നുരകളുണ്ടു ഞാ
നടിഞ്ഞ തീരമേതിലും.
പയ്യാനക്കല്‍ റോഡിലില്ല
കര്‍ണികാര കനലുകള്‍
പാട്ടുകാരന് മിത്രമൊത്തു
പൊള്ളിനില്ക്കയാണു ഞാന്‍.
■
ആസാദ്
19 ഡിസംബര്‍ 2021