ഒരു മഴ പെയ്തു മടങ്ങുമ്പോ
ഴതദൃശ്യം, പോക്കുവെയില്‍ത്തള്ളില്‍.
കാറ്റുകള്‍ കോതിയ ചില്ലകളോ
ടൊട്ടിടയേ, പതറുന്നൂ പദതാളം.
ഒരു കഥ ചൊല്ലി മടങ്ങുമ്പോ
ഴതുനഗ്നം, സ്തബ്ധം കാല്‍ത്തളകള്‍.
കുമിളകള്‍ തുന്നിയ നീരിഴ വേര്‍
പെട്ടിഴയേ, ചിതറുന്നൂ മുടിയൂറ്റം.
ഉടുതുണി പാളി വിറയ്ക്കുമ്പോ
ഴങ്ങലസം, കാറ്റുകളെങ്ങു പതുങ്ങീ.
ചാലുകള്‍ കീറിയ ക്രോധപ്പേമഴ
വിട്ടകലേ, യമരുന്നൂ ബലവേഗം.
ഒരു വിധമാരെ വിളിക്കുമ്പോ,
ഴതി നാണം, ചായും മിന്നല്‍ പകര്‍ത്തീ.
അമ്പിളി നീര്‍ത്തിയൊരഭ്രപഥത്തില്‍
വ,ന്നുടനേ തെളിയുന്നൂ നിഴലാട്ടം.
ഒരു മഴ പെയ്തു മടങ്ങുമ്പോ
ഴതു വശ്യം വാടാമലരുകള്‍ പോല്‍.
രാത്രികള്‍ തൂവിയൊരിരുളലിവില്‍
നീയലിയേ, യണയുന്നൂ ഞാനൊപ്പം.
■
ആസാദ്
13 ഡിസംബര്‍ 2021