അവളെ ചെയ്തതുപോലെ
വേണമെന്നെയും പ്രിയാ
പോകുമ്പോള്‍ കണ്ടേന്‍ തീ
യമര്‍ന്നതിന്‍ സുഖാലസ്യം.
അവളെയുടുപ്പിച്ചോന്‍ വ
ന്നഴിച്ചില്ല ചാര്‍ത്തുകള്‍
അവള്‍ത്തിരകളെ മാടി
യകമീനുകള്‍ പിടച്ചീല
ശാന്തമംബരം കാത്ത
കാര്‍മുകില്‍ പടര്‍പ്പുകള്‍
അവള്‍ക്കുമേലേതോ കാറ്റില്‍
പാറിവീണെന്നേയുള്ളൂ.
അവളലങ്കാരത്തിന്‍ കന
മഴിക്കുവാനിരന്നപ്പോള്‍
കാറ്റിനുണ്ടാവില്ലേയനു
കമ്പിതമുള്ളുലച്ചിലുകള്‍.
അവളെ ചെയ്തില്ലൊന്നും
അവളായഴിഞ്ഞതാം
കുറിക്കൂട്ടുകളോരോന്നും
വിയര്‍പ്പുപോല്‍ പൊടിഞ്ഞതാം.
അവളെ ഞാനുണര്‍ത്തിയോ
നീരണിക്കവിളില്‍ കു
ഞ്ഞുമ്മകള്‍പോല്‍ ചുണ്ടൊപ്പി
യൊലിപ്പുകള്‍ തുടച്ചതാം.
അവളെ ചെയ്തതുപോലെ
വേണമെന്നെയും പ്രിയാ
ഉടല്‍ തരിക്കുന്നുണ്ടെന്റെ
പരിഭവം കണക്കല്ല.
മുടിയും മുലയും വിരലും
കത്തിയാളിയ വേനലിന്‍
സൂര്യനേ, തിളയ്ക്കുന്ന
ചോലകള്‍ക്കുടയോനേ
ഒന്നമര്‍ത്തുക മര്‍മ്മത്തില്‍
വിര,ലതു തണുക്കട്ടേ
യാളിയമരും തനുശയ്യയില്‍
നിന്നിഴകള്‍ തിണര്‍ക്കട്ടേ.
നിന്നുടുപ്പുകളൂരുമ്പോള്‍
മറ്റേതോ വഴിയില്‍ ഞാ
നപരിചിതന്‍ ചെന്നുചാടിയ
പോ,ലെന്നെ നീ വെറുക്കുമോ?
അവളല്ല ഞാ,നതു നേര്
അവളില്‍ കണ്ടതല്ലെന്നില്‍
അവളെന്നു ധരിച്ചോരുടുപ്പുക
ളൂരുമ്പോള്‍ കണ്ടതാരെ നീ?
അതേയാളെക്കാണാനേതു
പുറം മോടിയുമഴിക്കണം.
ഉടുപ്പും കുറിച്ചാര്‍ത്തു
മുടല്‍ ക്ഷോഭങ്ങളണപ്പും.
വന്നിരിക്കുകയരികെ
പലനാള്‍ ചുമലില്‍വെച്ച
കൈകളാല്‍ പുണര്‍ന്നോളൂ.
അണിയലുകളഴിഞ്ഞോട്ടെ.
ഒളിഞ്ഞിരിപ്പുണ്ടാരോ
യെന്നുടല്‍ക്കയങ്ങളില്‍
പതുക്കെ സൂക്ഷ്മമായ്
നോക്കിപ്പിടിക്കണേ ജാരനെ.
■
ആസാദ്
21 ഡിസംബര്‍ 2021