അത്

ഞാനെന്താണിങ്ങനെ
നോക്കുന്നതെന്ന്
ഞാനെന്തിനാണ് നിന്റെ
പിന്നിലലയുന്നതെന്ന്
നിനക്കു മനസ്സിലാവുന്നുണ്ടാവില്ല.

എനിക്കു കൈമോശം വന്നതെന്തോ
നീ ഒളിപ്പിച്ചതുപോലെ
എന്നില്‍ ചേരേണ്ടതെന്തോ
നിന്നില്‍ തടഞ്ഞതുപോലെ
എന്നിലേക്കെന്തോ അവിടെ
തിടുക്കപ്പെടുന്നതുപോലെ.

നിന്റെ ഉടലിലും ശബ്ദത്തിലുമതുണ്ട്.
ഉടുപ്പുകൊണ്ടോ മൗനംകൊണ്ടോ
മറച്ചുവെക്കാനാവാതെ.
കാലൊച്ചയില്‍ കുതറിയും
കൈയനക്കത്തിലിടറിയും
ഉച്ഛ്വാസത്തിലുന്മാദം കൊണ്ടും.

ഉറക്കത്തില്‍ കാറ്റുപോലെ
അതെന്നെ കൊണ്ടു പോവും.
കൈകള്‍ പടര്‍ത്തി പറക്കുകയും
മേഘങ്ങളില്‍ ഊളിയിടുകയും ചെയ്യും.
മുടിയിഴകള്‍ മുഖത്തെന്നപോലെ
മേലാസകലമത് ഇഴയും.
അപ്പോഴും അത് അതായല്ല
നീയായ് മാത്രം തോന്നിപ്പിക്കും

ഇത്തിരി നില്‍ക്കാമെങ്കില്‍
എനിക്കിത് പറയാമായിരുന്നു.
‘നിന്നില്‍നിന്ന് അതെടുത്തു തരൂ,
പോകട്ടെ’ എന്നു വളരെ സൗമ്യമായി.
നീയാവട്ടെ എന്നെ ഒഴിവാക്കുന്നു.
ചിലപ്പോള്‍ വല്ലാത്ത ഭയത്തോടെ
അല്ലെങ്കില്‍ വെറുപ്പോടെ.

ഉണര്‍ന്നിരിക്കുമ്പോഴൊക്കെ
അതൊളിച്ചു വെക്കാനാണ് നിന്റെ ശ്രദ്ധ.
അല്ലെങ്കില്‍ അമര്‍ത്തിപ്പിടിക്കാന്‍.
പുറത്തുചാടിയാല്‍ അതെന്റെ
പേരു വിളിച്ചു വിലപിച്ചാലോ!
ആള്‍ക്കൂട്ടത്തില്‍ കൈവിട്ട്
എന്നെ വന്നു പൊതിഞ്ഞാലോ!

ഞാനെല്ലായിടവും നോക്കും
നിന്നെ കാണുമ്പോഴെല്ലാം.
ഓരോ അണുവിലും അതു തേടും.
കണ്ണുകളും കൈവിരലുകളും അതിനായും.
അനേക കോശങ്ങള്‍ പൊടുന്നനെ
അതു തേടി കുതിക്കും.

ഞാന്‍ നിന്നെ നോക്കുന്നതെന്തിനെന്ന്
നീ ആശ്ചര്യപ്പെടുന്നതാണത്ഭുതം.
എന്നിലേക്കുള്ള അറിയാകുതിപ്പുകളെ
അമര്‍ത്തിയുമൊളിപ്പിച്ചും
ശ്വാസംമുട്ടിയുള്ള നിന്റെ നില്‍പ്പില്‍
അതൊരിക്കല്‍ പൊട്ടിത്തെറിക്കും.

എന്റെ നിറമുള്ള വാക്കുകള്‍
നിന്റെ ചുണ്ടുകളിലൂടെ പുറത്തു വരും.
നിന്റെ മണമുള്ള തുമ്പികള്‍
എന്റെ കോശങ്ങളിലുമ്മ വെയ്ക്കും.
അപ്പോള്‍ കണ്ണുകളടച്ച്
നീ ഉറക്കം ഭാവിക്കുമായിരിക്കും.
അപ്പോഴും അതെനിക്കു കിട്ടുമോ?
നീയായിത്തന്നെ തോന്നിപ്പിക്കുമോ?

ആസാദ്
16 ആഗസ്ത് 2020

Leave a Reply