ബൈസാന്റിയന്‍ ക്രിസ്തീയ ദേവാലയമായ ഹാഗിയ സോഫിയ തുര്‍ക്കിയില്‍ മുസ്ലീം പള്ളിയായി മാറ്റി പ്രാര്‍ത്ഥനയ്ക്കു തുറന്നു കൊടുത്തത് ഇന്ത്യയില്‍ ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്കു കൊടുത്തതുപോലെയാണ്.
പതിനഞ്ചാം ശതകത്തില്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തെ പരാജയപ്പെടുത്തി അധികാരം സ്ഥാപിച്ച മുസ്ലീം രാജാക്കന്മാര് ദേവാലയം തകര്‍ത്തില്ല. മഹത്തായ സാംസ്കാരിക പാരമ്പര്യവുമായി അതു തലയുയര്‍ത്തി നിന്നു. 1934ലാണ് ഹാഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്. എട്ടര പതിറ്റാണ്ട് ആ നില തുടര്‍ന്നു. ഇപ്പോള്‍ റസിപ് തയ്യിപ് എര്ദഗോണ് ഭരണകൂടം അതു മുസ്ലീം പള്ളിയാക്കി മാറ്റിയിരിക്കുന്നു. മതാധികാര രാഷ്ട്രീയത്തിന്റെ ഹീനമുഖം പുറത്തു വന്നിരിക്കുന്നു.
വംശീയ ദേശീയതയിലൂന്നിയ സ്വേച്ഛാധികാര ശക്തികള്‍ വന്‍കരകളെ കീഴടക്കാനുള്ള ശ്രമത്തിലാണ്. ട്രമ്പും പുടിനും നെതഹ്ന്യാഹുവും എര്ദഗോണും മോദിയും വിക്തര്‍ ഓര്‍ബാനും ബൊള്സനാരോയുമെല്ലാം ഈ പുതു ഫാഷിസ്റ്റ് അധികാരോന്മാദത്തിന്റെ നേതൃരൂപങ്ങളാണ്. തീവ്രവംശീയതയിലൂന്നിയ സംഘര്‍ഷാത്മക രാഷ്ട്രീയത്തില്‍ അഭിരമിക്കുകയാണവര്. ലിബറല്‍ ജനാധിപത്യ ദേശീയതകളെ സ്വേച്ഛാധികാര വംശീയ ദേശീയതകളാല്‍ ശിഥിലമാക്കുകയാണവര്. ഭിന്ന വംശീയ സ്വത്വങ്ങളില്‍ ഒരേ അമിതാധികാര സ്വരൂപം തെളിഞ്ഞുവരുന്നു. ഫാഷിസത്തിന് എന്നും എപ്പോഴും ജനങ്ങളുടെ രക്തമേ വേണ്ടൂ.

ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ട പകലിലും അതു രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്കിയ വിധിനാളിലും മൗനം പുലര്‍ത്തിയ ആരും ഹാഗിയ സോഫിയയെക്കുറിച്ച് മിണ്ടരുത്. അന്ന് അമര്ഷംപൂണ്ടവരാകട്ടെ ഇപ്പോള്‍ നിശബ്ദത പുലര്ത്തുകയുമരുത്. ആയിരത്താണ്ടുകളുടെ പാരമ്പര്യമുള്ള മുസ്ലീം പള്ളി ഹിന്ദുക്കള്‍ കൈവശപ്പെടുത്തുമ്പോഴും അത്രയും ചരിത്രമുള്ള ക്രിസ്ത്യന്‍ പള്ളി മുസ്ലീങ്ങള്‍ കൈവശപ്പെടുത്തുമ്പോഴും സംഭവിക്കുന്നത് ഒന്നുതന്നെ. അപലപിക്കണം രണ്ടിനെയും. ഒപ്പം ചില വസ്തുതകള്‍ ഓര്‍ക്കുകയും വേണം.
സ്വേച്ഛാധികാര വംശീയ ദേശീയതകളുടെ നേതാക്കള്‍ വംശവീര്യത്തെ പുതുസാമ്രാജ്യത്വ ലോകക്രമത്തിന് പണയം വെച്ചവരാണ്. അതിന്റെ മത്സരാവേശത്തിലും മൂലധന പെരുപ്പത്തിനുമപ്പുറം വംശമഹിമയില്‍ ആവേശം കാണാത്തവരാണ്. എന്നാല്‍ വിശ്വാസികളുടെ ഒരു വലിയ നിഷ്കളങ്കലോകം ഇവയ്ക്കകത്തു പെട്ടുപോകുന്നു.
ബാബറി മസ്ജിദ് ഹിന്ദുത്വ ഫാഷിസ്റ്റു പരിവാരം തകര്‍ത്തതിനു സമാനമല്ല ഹാഗിയ സോഫിയ സംഭവം. അല്‍പ്പം വ്യത്യസ്തമാണ് സാഹചര്യം. തീവ്രവംശീയതയിലൂന്നിയ അധാര്‍മ്മികമായ രാഷ്ട്രീയ പ്രയോഗമാണത് എന്ന വാസ്തവം നിലനില്‍ക്കെ അതുസാധൂകരിക്കുന്ന ഒരു ലോകസാഹചര്യവും നിലനില്ക്കുന്നു എന്നു കാണണം. ലോകമെങ്ങും മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുകയോ അകറ്റി നിര്‍ത്തപ്പെടുകയോ ചെയ്യുന്നുണ്ട്. ട്രമ്പും മോദിയും നെതഹ്ന്യാഹുവും പുട്ടിനുമെല്ലാം അക്കാര്യത്തില്‍ യോജിപ്പിലാണ്. ഇന്ത്യയില്‍ ഹിന്ദുത്വവും യൂറോപ്പിലും അമേരിക്കയിലും ക്രിസ്ത്യാനിറ്റിയും ഇതിന്റെ അക്രമോത്സുക മുഖമാണ്. മുസ്ലീം സമൂഹം ആത്മാഭിമാനം വീണ്ടെടുക്കാനും നിവര്‍ന്നു നില്‍ക്കാനും പൊരുതേണ്ടിവരുന്ന ലോകസാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
അതിനാല്‍ എര്ദഗോനിന്റെ വംശീയ തീവ്രവാദ നിലപാടില്‍ പ്രതിഷേധിക്കുമ്പോഴും മുസ്ലീം വേട്ടയുടെ പ്രയോക്താക്കള്‍ക്കും പ്രചാരകര്‍ക്കും ഒപ്പം നില്ക്കാന് പുറംതള്ളപ്പെടുന്ന വിഭാഗങ്ങള്ക്കാവില്ല. മുസ്ലീംവിരുദ്ധ ആഗോള ഉപജാപക സംഘങ്ങള്‍ ലോകത്തെങ്ങുമുള്ള മുസ്ലീം ജനതയെ നിരന്തരം പ്രതിസന്ധികളിലേക്കു തള്ളിവിടുകയാണ്. മുസ്ലീം തീവ്രവാദം മുളപ്പിച്ചു വളര്‍ത്തിയതുപോലെ സാമ്രാജ്യത്വം തന്നെയാണ് വംശീയ തീവ്രവാദ രാഷ്ട്രീയവും മുളപ്പിച്ചു വളര്‍ത്തുന്നത്. അതിന്റെ ഗുണഫലം അവര്‍ കൊയ്തെടുക്കും. പക്ഷെ രണ്ടു ഘട്ടത്തിലും ഇരകളായതു തങ്ങളാണെന്നു മുസ്ലീം ജനതയ്ക്കു ബോധ്യമുണ്ട്.

മതരാഷ്ട്രവാദത്തിന് എതിരായ പോരാട്ടം മതേതര മൂല്യങ്ങളുയര്ത്തിയേ സാധ്യമാകൂ എന്നാവണം ഇന്ത്യന്‍ മുസ്ലീമിന്റെ നിലപാട്. ഏതൊരു ജനാധിപത്യ വാദിക്കും ആ നിലപാടാവണം അടിസ്ഥാനം. വംശീയ ദേശീയത എന്ന ആപത്ക്കരമായ ലക്ഷ്യം കൈയൊഴിയണം. ഹിന്ദുത്വ ഫാഷിസത്തിനെതിരായ ജനാധിപത്യ യുദ്ധത്തില്‍ പങ്കാളികളാവാന്‍ അടിസ്ഥാന യോഗ്യത ആ തിരിച്ചറിവാവണം. ഇതു പക്ഷെ മതവിശ്വാസവുമായി കൂട്ടിക്കെട്ടുന്ന സകല വികല ദര്‍ശനത്തെയും വേര്‍തിരിച്ചു കാണണം. വംശസ്വത്വവും വംശീയ രാഷ്ട്രീയവും രണ്ടാണ്. പലവിധ സ്വത്വങ്ങളെയും രാഷ്ട്രീയാധികാര മത്സരങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്ന സങ്കുചിതമോ കുടിലമോ ആയ നേതൃത്വങ്ങളുണ്ട്. അവയോടു കണക്കു തീര്‍ക്കാതെ പറ്റില്ല.
ബാബറിമസ്ജിദിനെ ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തിന്റെ ഐക്കണാക്കിയതുപോലെ ഹാഗിയ സോഫിയയെ മുസ്ലീം വംശീയ രാഷ്ട്രീയത്തിന്റെ ഐക്കണാക്കുകയാണ് ഉപജാപക സംഘങ്ങള്‍. രണ്ടിന്റെയും ലക്ഷ്യം ദേശീയാധികാരം ഉറപ്പിക്കലും ലോകമെങ്ങും കൈപ്പിടിയിലൊതുക്കാനുള്ള സാമ്രാജ്യത്വ സാമ്പത്തിക ശക്തികളെ തുണയ്ക്കലുമാണ്.
ആസാദ്29 ജൂലായ് 2020