ഓര്‍ക്കാപ്പുറത്തു വന്ന്
അവളെന്റെ മേലുടുപ്പുകള്‍
വലിച്ചുമാറ്റുന്നു.
ആണുടല്‍ പുതച്ച ഞാന്‍
അപ്പോളെന്റെ മുലകളെ
ഉരുട്ടിയെടുക്കുകയായിരുന്നു.
താഴേയ്ക്കു ചുഴികളായ്
ഞാനെന്റെ കാറ്റുകളെ
കൂര്‍പ്പിക്കുകയായിരുന്നു.
എടുത്തുചാട്ടങ്ങളെയമര്ത്തി
പതുക്കെയൊരു നീരുറവ
തുറന്നു വിടുകയായിരുന്നു.
അവളത്ഭുതപ്പെടുത്തുന്നത്
വേഷംചേര്ക്കാത്ത ഉടലുമായ്
തെരുവു മുറിച്ചുകടന്നും
ഉറക്കെ സംസാരിച്ചുമാണ്.
ഇത്രയൊക്കെയല്ലേയുള്ളൂ
കൂട്ടുകാരാ എന്നുമ്മവെച്ചാണ്.
ആനന്ദത്തിന്റെ ഉറവകള്ക്ക്
സങ്കടങ്ങളുടെ പാടയെന്തെന്ന്
ഞാന്‍ മുറുകെ പുണരുന്നു.
നീ സംസാരിച്ചുകൊണ്ടിരുന്നത്
എനിക്കു പരിഭാഷപ്പെടുത്തുക വയ്യ
അവള് പറഞ്ഞു
നിനക്കു പറയാനുള്ളതെല്ലാം
നിന്റെ ഉടലിളക്കങ്ങളിലുണ്ട്.
നീ വായിച്ചിട്ടില്ലാത്ത ഉയിരെഴുത്ത്.
അതത്രയും വായിക്കാന്‍
നിനക്കു ഞാനുടല്ച്ചുമര്.
നിന്റെ വ്രണങ്ങളതില് തെറിക്കട്ടെ.
വരച്ചു തുടങ്ങുമ്പോള്‍
വെറുമൊരു പ്രതലം
കടലിരമ്പങ്ങള്ക്കുമേല്
വലിച്ചുകെട്ടിയ കാന്‍വാസ്.
അതിനുമേല്‍ കാറ്റുകളെ കുറുക്കി
കുഞ്ഞു വിരലുകളുടെ നൃത്തം
നിന്റെ ചുമരു നിറയെ പൂക്കള്‍
വരുംകാലത്തിന്റെ രക്തം.
ഞാനിനി എങ്ങനെയാണ്
എഴുന്നേറ്റ് ഉടുപ്പണിയുക?
ഉടുപ്പിന്റെ ഇന്ദ്രജാലങ്ങളില്‍
തെളിയും കുലം, മതം, രാഷ്ട്രീയം,
വംശം, ലിംഗം, നിയമം, സദാചാരം ഞാനല്ലാത്തതൊക്കെയും.
നിന്റെയിടിമിന്നലില് കാണായ
എന്നെക്കുറിച്ചുള്ള സമസ്തവും.
ലോകത്തെ ഒറ്റക്കാലില്‍ നിര്‍ത്തി
നീ ചുറുചുറുക്കോടെ ഓടുന്നല്ലോ.
ഉണര്‍വ്വിന്റെ പ്രഭാവമേ!
ആസാദ്
26 ജൂണ്‍ 2020