മറുഭാഷ

ഉടല്‍പോലെ ഭ്രമിപ്പിക്കുന്നില്ല മറ്റൊന്നു,മതു
വാസനാപാഠങ്ങളെ മൂടുമൊരു മേല്‍ഭാഷ.

ഓര്‍ക്കാപ്പുറത്തൊരു തൊടലോ തോണ്ടലോ
മതി, വിഭ്രമങ്ങള്‍തന്‍ മറുഭാഷ ചുരത്താന്‍.

ദുര്‍വാസനകള്‍ വമിക്കും കാടുകള്‍, പരുഷ
മണലാരണ്യങ്ങള്‍, തിളയ്ക്കുമഗ്നിപര്‍വ്വതങ്ങള്‍.

വിളിക്കും വസന്തങ്ങ,ളിരുളാര്‍ന്ന പാര്‍ക്കുക
ളിരമ്പിമറിയുന്ന കടലുക,ളസ്തമിക്കും സൂര്യന്‍.

പലവര്‍ണമണിഞ്ഞു നഗരങ്ങ,ളിരമ്പും വേഗങ്ങ
ളവസാനമില്ലാത്തയലച്ചില്‍, പൊയ് വേഷങ്ങ-

ളെത്ര ഭൂകമ്പങ്ങള്‍, നിലാപ്പുറങ്ങള്‍ സകലതു
മുടലിന്‍ മറുഭാഷ,യതുതേടിയല്ലോ നിത്യയാത്ര.

ഉടല്‍പോലെ ഭ്രമിപ്പിക്കില്ല മറ്റൊന്നു,മതുപോല്‍
തെറിപ്പിക്കയുമില്ല പ്രാണനെയന്യ പഥങ്ങളില്‍!

തേടരുതൊന്നും സ്വന്തമുടലില്‍ ബലാ,ലതു വരിഞ്ഞകത്തിടുമായുസ്സൊടുങ്ങും വരെ.

പിന്നെയേതുടല്‍, വിചിത്രവാസനാ വൈകൃതം
പൊറുത്തെന്നെപ്പുണരാന്‍ വിസ്മയലോകമേ.

ഉടല്‍ സ്രവിപ്പിക്കുന്ന മാന്യത, പരഭീതി, വിശുദ്ധ
പരിവേഷങ്ങളുരിയാന്‍ മതിയാവില്ലെന്‍ ധീരത.

അതു തേടുവാന്‍ നല്ലതു ദേശാന്തരം. വിദൂര
താഴ് വരകളിലാവാമത്യാരോപങ്ങള്‍, കേളികള്‍.

വാസ്തവം സഹിക്കാതെ മറതേടുമെന്‍ ബുദ്ധി
മറുഭാഷയെ ചെന്നു കുമ്പിട്ടു വിളിക്കുംപോല്‍.

ഉടല്‍പോലെ ഭ്രമിപ്പിക്കുന്നില്ല മറ്റൊന്നു,മത്
വാസനാപാഠങ്ങളെ ധ്വനിപ്പിക്കും മറുഭാഷ.

ആസാദ്
09 മെയ് 2020

Leave a Reply