മുറിയിലൊറ്റയ്ക്കിരിക്കെ
മൂലയില്‍ വിചിത്രമൊരു
മെതിയടിച്ചിത്രം!
അതിവിടെയുണ്ടായിരുന്നുവോ?
മെതിയടിത്തിരുവടികള്‍
ഇതിലേ നടന്നുപോയിരുന്നു.
ഒച്ചയിട്ടാട്ടിയിരുന്നു
വെറുംകാല്‍ പരിഷകളെ.
മുറ്റത്തേക്കിറങ്ങിയൊരു നില്‍പ്പുണ്ട്.
ലോകം കുനിഞ്ഞു നമിക്കും.
നില്‍പ്പിന്റെയും നടപ്പിന്റെയും ദാര്‍ശനികത
അച്ചിത്രം പുറംചട്ടയാക്കി.
ചെരിപ്പെന്ന ചെരിവല്ല, ചരിപ്പില്‍
തേയ്ച്ചുതേച്ചുള്ള തേയ്മാനം.
അരഞ്ഞു പുല്‍ച്ചെടിച്ചാളകള്‍
കാട്ടു പൂവുകള്‍, നാട്ടു ഭാഷകള്‍
പൂവുടലിലെ മസൃണപാദങ്ങള്‍
പലകപ്പുറത്തെന്തു രൂപാന്തരം
വേര്‍പ്പുകുന്നുകള്‍ ചവിട്ടിത്തെറിപ്പിച്ചു
ചോരചീറ്റിക്കുന്ന നിശ്ചയദാര്‍ഢ്യം!
മെതിയടി വെറും മരപ്പലകയോ
വേറിട്ടുകാണും ചവിട്ടുകല്ല്.
എന്തിനും മീതെ ചവിട്ടിനിന്നാല്‍
എന്തിലും മീതെയാമെന്നു തത്വം.
എങ്കിലും മരച്ചവിട്ടിയും രണ്ടാം
മുണ്ടുമുരിഞ്ഞു വെറും നിലത്തിട്ടു
മണ്ണുവേണമെന്നൊറ്റ കരച്ചിലില്‍
വെന്തിരിക്കണം നായാട്ടു വേഷങ്ങള്‍.
പിന്നെച്ചരിപ്പുകളെല്ലാം ചെരിവാര്‍ന്നു.
ഏതുയരവുമാര്‍ക്കുമെന്നായി.
എങ്കിലും ചിലരിടുമ്പോള്‍ ചെരിപ്പുകള്‍
പഴയ മെതിയടിപ്പക പരത്തുന്നു
മെതിയടികളെത്തൊഴു-
മധോമുഖരസംഖ്യമാകുന്നു.
അവന്റെ ചെരിപ്പിന്‍ വാറഴിക്കുന്നു
മരപ്പലക പാകപ്പെടുത്തി നല്‍കുന്നു.
സ്ക്രീനില്‍നിന്നാവാം
മെതിയടിക്കാലുയര്‍ന്നു താഴുന്നു
മണ്ണുമണ്ണെന്നു ഞാനെ,ന്റെ നിലവിളി
ആറടിമണ്ണു പകുത്തു വാങ്ങുന്നു.
□
ആസാദ്
06 മെയ് 2020