
കിം കി ഡുക്കിന്റെ പുതിയ സിനിമയായ വല കപടദേശീയതയുടെ നടപ്പു വ്യവഹാരങ്ങളെ പൊളിച്ചടുക്കുന്നു. മനുഷ്യനെ ആഴത്തില്‍ സ്പര്‍ശിക്കാന
റയ്ക്കുന്ന അധികാര കൗശലങ്ങളെ അതു വിചാരണ ചെയ്യുന്നു. ജനങ്ങളും അധികാരവും തമ്മിലുള്ള വൈരുദ്ധ്യമാണ് ശക്തിപ്പെടുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. എങ്ങും ഭരണകൂടങ്ങള്‍ക്ക് ഒരേ താല്‍പ്പര്യമാണെന്നും യുദ്ധങ്ങളെല്ലാം ജനങ്ങള്‍ക്കെതിരാണെന്നും കിം കി ഡുക്ക് വലയില്‍ സമര്‍ത്ഥിക്കുന്നു.
സുരക്ഷിതത്വത്തിന്റെ വലകള്‍ പിഞ്ഞിപ്പോവുകയും അധികാര വ്യവഹാരങ്ങളുടെ വലകള്‍ വാ പിളര്‍ത്തെത്തുകയും ചെയ്യുന്ന ഭയാനകമായ അവസ്ഥയാണുള്ളത്. അയല്‍ രാജ്യങ്ങളുടെ ശത്രുത മിക്കപ്പോഴും പിളര്‍ന്നുപോയ ദേശീയാനുഭവങ്ങളുടെ ചോരയില്‍ കുതിര്‍ന്നതാണ്. ഭിന്ന ദേശീയതകളാക്കി നിരന്തരം ഓര്‍മ്മിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാകുന്നു. ജനങ്ങളുടെ അനുഭവവും ഇച്ഛയും മിക്കപ്പോഴും അതിനോടു പൊരുത്തപ്പെടുന്നില്ല. പരുവപ്പെടുത്താനുള്ള ഭരണകൂട ശ്രമങ്ങളെല്ലാം സൈനികാച്ചടക്കത്തിന്റെ നിഴലിലിണ് അരങ്ങേറുന്നത്. തെക്കന്‍ കൊറിയക്കും വടക്കന്‍ കൊറിയക്കുമിടയില്‍ , രണ്ടധികാര വ്യവസ്ഥകളുടെ അസഹിഷ്ണുത നിറഞ്ഞ ഏറ്റുമുട്ടലുകള്‍ക്കിടയില്‍, രണ്ടു രാജ്യങ്ങളിലെ ഒരേ വിധിയനുഭവിക്കുന്ന ഒരു ജനതയുണ്ടെന്നു കിം കി ഡുക്ക് ധീരതയോടെ വിളിച്ചു പറയുന്നു.
ദേശസ്നേഹിയെയും ദേശദ്രോഹിയെയും വേര്‍തിരിക്കുന്ന വരമ്പുകള്‍ വീര്‍പ്പിച്ചെടുക്കുന്നത് ഭരണകൂടമാണ്. വിപരീതങ്ങള്‍ക്കിടയില്‍ തളയ്ക്കപ്പെടുകയാണ് പൗരജീവിതം. ശത്രുത പൊലിപ്പിച്ചെടുക്കുന്ന രാഷ്ട്രങ്ങളെല്ലാം മനുഷ്യാവകാശത്തെയാണ് വേട്ടയാടുന്നത്. ദേശീയ ഗാനം ചൊല്ലിയും ദേശീയ നേതാക്കള്‍ക്കു അഭിവാദ്യം നേര്‍ന്നും ഞാന്‍ ഭരണകൂടത്തോടൊപ്പമാണ് എന്ന് നിരന്തരം അലറി വിളിയ്ക്കാന്‍ ഓരോരുത്തരും ശിക്ഷിക്കപ്പെടുകയാണ്.
തെക്കന്‍ കൊറിയയുടെ മുതലാളിത്ത മത്സരങ്ങളും അതുണ്ടാക്കിയ അരാജക വളവുകളും ഒരു ഭാഗത്ത്, മറുഭാഗത്ത് കിം ഇല്‍ സോഷ്യലിസത്തിന്റെ യാന്ത്രിക അച്ചടക്കം. പിളര്‍ന്ന ദേശീയതയുടെ വേവിക്കുന്ന അനുഭവങ്ങളാണ് ഡുക്കീന്റെത്. അയാള്‍ക്കതു പകര്‍ത്താനുള്ള ധൈര്യമുണ്ട്.. ഇന്ത്യ അതു കാണുമ്പോള്‍ അതിന്റെ ധ്വനി പാഠങ്ങളിലേയ്ക്ക് അടിച്ചു വീഴ്ത്തപ്പെടുന്നു. ഒരേ ദേശീയതയുടെ ഭിന്ന വ്യാഖ്യാനങ്ങള്‍ക്കിടയില്‍ അധികാര വ്യവഹാരം ആഞ്ഞുപെയ്യുകയാണ്.
കിം കി ഡുക്കിന്റെ സിനിമ പുതിയ കാലത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ സിനിമയാണ്.
11 ഡിസംബര്‍ 2016