വാതിലില്‍ വിരല്പ്പാ-
ടൊരുവന് തലതല്ലി
വീണതിന് ചോരക്കറ.
തുറന്നിരിക്കുമോ വാതി-
ലവന് കെഞ്ചി വിളിച്ചവള്‍
വിളി കേട്ടിരിക്കുമോ
നിബിഡ വനമുഖം
നീലാംബരം: ക്ഷുധാര്‍ത്ത-
യൊരുവളെരിഞ്ഞിരിക്കും
നെരിപ്പോടിതോ?
സൗമ്യദീപ്തമീ പൂമുഖം
അതിഥികള്‍ ഭ്രാന്താര്‍-
ന്നുഴറിയ വന വീഥികള്‍
വകഞ്ഞുഞാനെത്തി
ഒതുക്കുകള്‍ ചവിട്ടുമ്പോഴേ
യോര്ത്തേ,നുണര്ന്നീലേ നീ
വിരലിറ്റി വനവീര്യമായ്
മനമിറ്റിയഗ്നിസ്മിതം
നിന്നിലുണ്ടനംഗന് ഞാ,നെന്നെ
ത്തൊട്ടുണര്ന്നില്ലേല് ശില നീയല്ല.
പഴങ്കാറ്റിലിടറുന്നൂ വാതില്‍
കൂമ്പിയ ദളങ്ങളില്‍ വേപഥു
വിളിച്ചുണര്‍ത്തും വസന്തര്‍ത്തു.
താഴില്‍ മിഴിചേര്ത്തേ,നിരുള്മയം;
രസനയിലുപ്പുകാറ്റിന്നുമ്മ;
ചൊടികളില്‍ ചിലമ്പുന്നൂ മുദ്ര.
അകത്താരുണരുന്നൂ
അമ്മയോ പെണ്ണോ
നീ ചുരുണ്ടുറങ്ങിയ പായ ചുരുട്ടാതൊരുവള്
നീ കൂട്ടിപ്പിണച്ച ഞരമ്പുകളഴിക്കാതൊരുവള്
നിന്റെ കാലൊച്ചയിലുണരാനുറക്കം
നിന്റെ കൈവിരല്ത്തുമ്പാലുറങ്ങാനുണര്വ്വും
നിന്റെ കളിവീടും മണ്ണപ്പവും
കാത്തുവെച്ചതാം നെഞ്ചകം
നിന്നിലെപ്പോരാളി-
ക്കാഞ്ഞു പയറ്റാന്‍ തട്ടകം
നടന്നുമോടിയുമിന്നോളം
നീ തീര്‍ക്കാത്ത യാത്രതന്‍
വഴികള്‍ ചുരുട്ടുന്നൊരുവള്
നിലയ്ക്കാത്ത കിതപ്പിന്നൊപ്പ-
മാഴ്ന്നാഴ്ന്നു പോകും നിന്നെ
ച്ചൂഴുമഗാധ മൗനമൊരുവള്
അകത്താരുണരുന്നൂ
അമ്മയോ പെണ്ണോ
വിറയാര്‍ന്നു വീഴുന്നേന്
വാതിലില്‍ മുഖം ചേര്-
ത്താരെ വിളിച്ചു ഞാ,നറിയില്ല.
വിട്ടുപോകുന്നൂ വനഹരിതം
നീലാംബരച്ചാര്ത്തഴിയുന്നൂ
വന്യമൂര്ഛയില് വഴി.
വഴി തെരുത്ത,വന്‍ വീടോളം
വിട്ടിഴയുന്നൂ വീണ്ടും വഴി
ഇപ്പൊഴകത്തെങ്ങോ
ഒറ്റയ്ക്കിരുട്ടില്‍ ഞാ-
നെനിക്കകത്തിതാ
വീടാതിരിപ്പൂ വീട്.
1995