എത്രയല്‍പ്പമേ വാക്കില്‍ തെളിഞ്ഞുള്ളു
അന്തിനാളമെരിഞ്ഞു തീരുമ്പോള്‍
ദീര്‍ഘമാം പകല്‍ താണ്ടിത്തഴമ്പാര്ന്ന
കൈകളെന്നെത്തഴുകി വീഴുമ്പോള്‍.
പോകുമെന്നു നീ ചിന്തിച്ചുറച്ചതാം
പീതമാം വെയില്‍നാളം ക്ഷണിക്കേ
ഏറെ നനുത്ത കൈ മാടി വിളിക്കെ
പ്പിറകെയെന്നു നീ കൈയമര്‍ത്തുന്നു.
രണ്ടു ലോകങ്ങളായ് തൊട്ടും പിളര്‍ന്നും
രണ്ടു മേഘങ്ങളായ് കൂട്ടിയിടിച്ചും
കണ്ടു തേന്മഴ പെയ്യുന്നൊരത്ഭുത
മെത്രയപൂര്വ്വമേ,യെങ്കിലും വാസ്തവം.
പുറത്തു ലോകത്തെ പുതുക്കുന്ന വെമ്പ
ലകത്തെ ലോകത്തു മുളപ്പിച്ച കര്‍ഷക
സ്ത്രീയെ ഞാന്‍ കാണുന്നതെപ്പൊഴോ
കൈവിട്ട ഞെട്ടലിന് പൊള്ളലേറ്റാവണം
ഒന്നിച്ചു പോകുമ്പൊഴാ,ണവര്‍ രണ്ടു
ലോകങ്ങളെ കൂട്ടിയിണക്കിയ വൈഭവം
കൊണ്ടുപോകുന്നതു കാണുന്നു ഞാന്‍
സൂര്യനാഴുന്നു വിദൂരത്തിലൊറ്റയായ്.
എത്ര വെളിച്ചം കുടിച്ച ലഹരിയി
ലാര്‍ത്തു വിളിച്ചു ഞാനൊന്നു തിരിയണേ,
ഭ്രമണങ്ങളവ്വിധം, വീണ്ടുമടുക്കുവാ
നത്രകാലത്തെ കറക്കം കഴിയണം.
രാത്രിയുറങ്ങുന്ന പച്ചകള്‍ പകിട്ടാര്‍ന്ന
ചാന്ദ്രജലവിതാനങ്ങള് നിഴലുകള്‍
പതുക്കെ തുറക്കുവാന്‍ നോക്കുന്നു ഞാ
നെനിക്കു വാറ്റിപ്പുതുക്കേണ്ട പുസ്തകം.
ഓരോ കടവിലും തീര്പ്പുള്ള പാലമായ്.
ഓരോ വളവിലും കാക്കുന്ന സത്യമായ്
ഓരോ ചുവടിലും പിന്‍വെളിച്ചം വീശി
യാരോ ഒരാളെന്ന മട്ടിലല്ലേ വന്നു!
നേരെ നില്ക്കുമ്പോഴെതിര്പ്പുകള്
തീപ്പുക ചീറ്റുന്നപോലെയെരിച്ചിടും.
ഞാനമാന്തക്കൊടിമരം കൈവിട്ട
നേരങ്ങളെച്ചൊല്ലിയുള്ളു കലങ്ങിടും.
അകത്തൊരാകാശമെന്നെ പുണരുന്നു
പുറത്തുള്ള സൂര്യനെ തണുപ്പിച്ചെടുക്കുന്നു
വന്നിരുന്നക്ഷരശ്ലോകങ്ങള് ചൊല്ലുക
ഖണ്ഡകാവ്യങ്ങളുഴുതു മറിക്കുക.
എത്രയനായാസമെത്തുന്നു നാത്തുമ്പി
ലേതുകാവ്യത്തിലെ കാരുണ്യപര്വ്വവും.
രാത്രി മടിശ്ശീലയഴിക്കെ വീഴുന്നതാം
രത്നങ്ങളൊക്കെ പെറുക്കണം കുഞ്ഞുങ്ങള്‍.
പുറത്തുനിന്നോര്മ്മപ്പെടുത്തുന്ന വാക്കില്‍
പ്പിടിച്ചു കേറുന്നതാം വാങ്മയ കൗതുകം
ബാല്യത്തിലങ്ങനെ കണ്ടതാണത്രയും
ഭിന്നമാം ലോകങ്ങളൊറ്റക്കുതിപ്പിലായ്.
ഒന്നിച്ചുതന്നെ കൈകോര്‍ത്തു പോകുവാ
നൊറ്റവാക്കിന്റെ യരികു പിടിച്ചവര്‍.
തെറ്റുവാക്കില് തെറിച്ചു പോകുമ്പൊഴും
ഒറ്റവാക്കില്‍ തളിര്‍ത്തു പൊന്തുന്നോര്‍.
ഞാനുണര്‍ന്നു തിരക്കുന്ന ലോകം
ഞാണുപൊട്ടിത്തെറിച്ചതെങ്ങാവും?
ഞാനതിന്റെ നടുക്കം വിടാതെ
യൂരുചുറ്റിക്കളിക്കുന്നതെന്തിനോ!
■
ആസാദ്
10 നവംബര്‍ 2021