രാത്രിയെത്തും നഗരത്തില്‍
നീ പാര്ക്കുമിടമെങ്ങോ
വെളിച്ചത്തിന് കൊടുങ്കാട്ടില്‍
തീയമര്ന്ന കനലെങ്ങോ.
വിണ്ടുകീറിയൊരോര്മ്മയി
ലൂടുപാത തെളിയുമോ
പണ്ടു പൊട്ടിയ വീറുകോശ
ക്കീറുതോറുമെരിയുമോ
ചുവടുവെക്കെ നടക്കുവാന്‍
കാലിലെന്തിരമ്പമോ
കൈകള്‍ വീശി നീങ്ങുവാന്‍
കരളിലെന്തു കുതിച്ചുവോ!
നോട്ടമെത്തും വളവുകള്‍
നിവര്‍ത്തി നീങ്ങുമിംഗിതം
വിജനമായ തെരുവുനീളെ
നിഴല്ച്ചതുരഫ്ലാറ്റുകള്.
ഇടിമിന്നല്‍ നടുക്കത്തില്‍
വെട്ടമാകെ യണയുമോ
തുറന്നുവെച്ച ജനല്മിഴിയി
ലേകനാളമെരിയുമോ
അലഞ്ഞുനീണ്ടൊരായുസ്സി
ലേതു ലക്ഷ്യമകന്നതാം.
അനേകകാര്യവ്യഗ്രതയി-
ലേകജീവിത സത്യമോ?
കൂര്‍ത്തുനീണ്ട വെളിച്ചച്ചീള്
തറച്ചു കേറിയ കാലുകള്‍
മുടന്തിനില്ക്കെ ജാരശങ്കാ
മിന്നല്‍ നെഞ്ചു പിളര്‍ത്തിയോ?
കണ്ണുകീറിയ കുഞ്ഞുഭൂമീ
കാഴ്ച്ചയുള്ളു നിറയ്ക്കവേ
പൊടുന്നനെ വന്നുമ്മതന്നു
പാല്മുലകള് ചുരത്തി നീ
എന്തൊരാശ്ലേഷമാണതു
ചന്ദ്രികേ നീ യകന്നുപോയ്
എത്ര വിദ്യുത് വസന്തങ്ങള്‍
ചന്ദ്രകാന്തിയടര്ന്നതായ്.
ഇപ്പൊഴീവഴി വന്നു ഞാന്‍
വീണുപോയതെടുക്കുവാന്
മാഞ്ഞ മാരിവില്ലിലേതു
വര്ണമാര്ന്നു നില്പ്പു നീ
നഗരരാവില്‍ നിന്റെ ചൂരും
ചുണയുമുള്ള കാറ്റിതാ
നീയൊഴിച്ചു സകലതു
മെനിക്കുതന്ന സാന്ത്വനം.
നിന്റെ പാര്‍പ്പിടത്തിലേക്കു
മാത്രമുള്ള പാതയില്‍
രാവൊടുങ്ങും മുമ്പണയാ
നാഞ്ഞു നീങ്ങുകയാണു ഞാന്‍.
■
ആസാദ്
25 ഒക്ടോബര്‍ 2021