എനിക്കിനി ഒന്നും പറയാനില്ല.
അത്രയേറെ ഞാന്‍ പറഞ്ഞുകഴിഞ്ഞു.
വെള്ളത്തിലെ വര
മാഞ്ഞു പോയിരിക്കുന്നു.
അതിലൂടെ ഒരു മീന്‍
ചാടിച്ചാടി കടന്നുപോയി.
ഞാന്‍ വരച്ച വര
മീനായിക്കാണുമോ?
അതു കുഞ്ഞുങ്ങളുടെ
കൗശലത്തില്‍ കുരുങ്ങുമോ?
കീറിനോക്കുമ്പോളെന്റെ
വാസ്തവം നാണിക്കുമോ?
വരച്ചത് വാസ്തവം.
നുരഞ്ഞത് നുണ.
വരച്ച വിരലില്‍ നനവുണ്ട്.
സത്യത്തിന്റെ പശക്കറ.
വീണ്ടും വീണ്ടും നോക്കുമ്പോള്‍
നുണചുരന്ന മുറിപ്പാട്.
മീന്‍ ചട്ടിയിലെത്തുവോളം
കുട്ടികളുടെ പിറകേ പോയി.
വാസ്തവത്തിന്റെ വര
വെള്ളപ്പുറത്ത് കണ്ടുവോ?
പിടിച്ച മീനിന്റെ വയറില്‍
അതു ചുരുണ്ടു കിടന്നുവോ?
ഓര്‍മ്മിപ്പിക്കുന്ന മോതിരം പോലെ
അതു പരിഭ്രമിപ്പിച്ചുവോ?
ഞാന്‍ പറഞ്ഞതെല്ലാം
അതിന്റെ ചിപ്പില്‍ കിടന്നുവോ?
വെള്ളത്തിലെ വര
മാഞ്ഞു പോയിരുന്നല്ലോ.
അതിനു മീതെ ഒരു മീന്‍
നൃത്തംവെച്ചുവല്ലോ.
അതിന്റെ നൃത്തത്തില്‍
വെള്ളമല്ലേ മാഞ്ഞുപോയത്?
വര മാത്രമല്ലേ ബാക്കിയായത്?
ഞാനിനി എന്തു പറയാനാണ്?
എല്ലാം എന്നേ പറഞ്ഞുകഴിഞ്ഞില്ലേ?
■
ആസാദ്
02 ഒക്ടോബര്‍ 2021