ചിറകൊതുക്കിയ മുലകളേ, പറന്നുയരുമോ, പിടയ്ക്കും വേഗങ്ങള്‍
തട തകര്‍ക്കുമോ?
മുറുകും പാല്ഞരമ്പറുത്തു
ജീവ തിടുക്കങ്ങള്‍ കുതിച്ചുയരുമോ?
ഹൃദയത്തിന് മൃദു ഭാഷണം
പൊടുന്നനെ നിലച്ചു പോകുമോ?
ഒരു നദി മെല്ലെ വരണ്ടുണങ്ങും
പോലെ, മരച്ചില്ലയില്‍ ഗാനം നിലച്ചുപോകും പോലെ, വിരലില്‍ മുട്ടി
വെയില്ത്തിര വരൂ പ്രിയാ
യെന്നു ക്ഷണിക്കും പോലെ, പിന്
നടത്തത്തിന് കാലമതിവിചിത്രമേ.
ഉടലില്‍ പക്ഷേ, ഞാനൊരുക്കി
വെച്ചില്ലേ വരുംകാലപ്പച്ച, പുതുപാലിന്
മണം, മൃതകോശങ്ങളെ
യുണര്ത്തുവാനിറ്റു ജല, മഴിച്ചു തീര്ക്കുവാനെളുപ്പമല്ലാത്ത പ്രണയനാരുക,ളാരുമേനുണയുവാ
നില്ലാത്ത വെളിച്ചത്തിന് കാമ്പ്.
അതെന്റെ ഭാഗമായിരിക്കില്ല,
ഉടലിലെപ്പൊഴോ പതിഞ്ഞു കൂടിയ
പറവകള്‍, പറക്കുവാനെന്നില്
കൊതികൊരുത്തവ,രുയരങ്ങളെ
കൈവെള്ളയില്‍ പകുത്തവര്‍!
വിടര്‍ന്ന സൂര്യകാന്തികള്‍, വരും
സൂര്യകാലങ്ങളെ കണ്പാര്ത്തവര്!
വരിഞ്ഞു കെട്ടുമ്പോള്‍ പുറം
കുതിപ്പുകളടക്കിയെന്നുഞാ
നഹങ്കരിച്ചുവോ, തീരെപ്പതുക്കെ മാത്ര
മെന്നിംഗിതങ്ങളെ മെരുക്കിയോ?
മറ്റൊരാളിലതിന് വ്യാകരണപ്പൊരുള്
പകരാതെ യമര്ത്തിവെച്ചുവോ?
സ്വയം ചതിച്ചുവോ?
ഭയന്നിരുന്നു ഞാ, നേതു നിമിഷവും
പൊട്ടിത്തെറിക്കില്ലേ,
വരിഞ്ഞു കെട്ടിയ സാഹസങ്ങ,
ളതിന്‍ രാസസൂത്രങ്ങളറിയാതെ
വന്നെടുക്കുമ്പോ,ളതിക്രമി
ച്ചതിര് തുരക്കുമ്പോള്‍ വെറും പറവക
ളുടല് പിളര്‍ന്നു പൊങ്ങില്ലേ! ഞാ
നതിന്കൊക്കില്തന്നെ
പിടഞ്ഞു തീരുമോ?
അഴിച്ചുമാറ്റട്ടെയുടുപുടവകള്
മുറുകിനില്ക്കുമനേക കോശങ്ങള്‍
ശരങ്ങള്‍ പോലെ തറഞ്ഞ ശാസനാ
ശകലങ്ങ, ളദൃശ്യമാം വഴക്കങ്ങള്‍.
പറന്നു പോകട്ടെ മുലകളതിന്
ചിറകുകള് വകഞ്ഞെടുക്കണമാദ്യം.
അനേകനാരുകള് പടര്ന്നല്ലേ മണ്ണില്‍
പതിഞ്ഞിരിക്കുന്നൂ സൂര്യശിരസ്സുകള്!
■
ആസാദ്
29 സെപ്തംബര്‍ 2021