ഒരാള്‍ ചോദിച്ചു:
അരുതായ്കകളും
അരുതായ്മകളെ വെളുപ്പിക്കുന്ന
അധികാരസ്വരൂപങ്ങളും
അതിസാധാരണമാകുന്ന കാലത്ത്,
അവ മാത്രം നിറഞ്ഞ
ഒരു ലോകത്ത്
ഒന്നിന്റെയും മുള്ളു കൊള്ളാതെ,
മുറിവേല്ക്കാതെ, ചോരപൊടിയാതെ
വേറിട്ട് ജീവിക്കാനാവുമോ?
ഏതു കളത്തില്‍ ചവിട്ടാം?
ഏതു വഴി കയറാം? ഇറങ്ങാം?
ഈ ശ്രദ്ധയുടെ അരികുകളാണോ
ജീവിതത്തിന്റെ അതിരുകള്‍?
വരയ്ക്കാമോ ഒരാളുടെ ജീവപടം?
ആശങ്കകളുടെ ഭൂപടം?
ഒരു കള്ളിയില്‍ കോഴക്കാരനൊപ്പം.
അടുത്തതില്‍ കയ്യേറ്റക്കുസൃതി.
ഒന്നില്‍ ബലാത്സംഗിയുടെ
ശൃംഗാരനടനം.
അടുത്തതില്‍ കൊലയാളിയുടെ
ചോരച്ചിരി.
എവിടെയും
വരൂ വരൂ എന്ന് സ്നേഹാശ്ലേഷം!
നന്മയോളം ക്രൂരമല്ല തിന്മയൊന്നും!
ആനന്ദങ്ങളെ കെട്ടഴിച്ചുവിടുന്ന
ഇന്ദ്രജാലങ്ങള്‍!
നേരായ വഴികള്‍ക്ക്
എത്ര വളവുകളാണ്.
ഓരോ വളവിലും
എത്രയേറെ ഉത്ക്കണ്ഠകളാണ്.
ആനന്ദങ്ങളെ ഭയക്കണം.
ദൂഖങ്ങളെ ഭയക്കണം.
തുറുകണ്ണുകളില്‍ വേവണം.
സിദ്ധാന്തങ്ങളില്‍ പൊരിയണം.
തെറ്റായ വഴികളോളം
നേര്വഴികളേതുണ്ട്?
ഓരോ വളവിലും കുതിപ്പുകള്‍.
ഓര്‍ക്കാപ്പുറത്ത് ആനന്ദങ്ങള്‍.
ഉരുകിയൊലിക്കുന്ന ദുഖങ്ങള്‍
കണക്കെടുപ്പില്ലാത്ത കാഴ്ച്ചകള്‍.
സിദ്ധാന്തങ്ങള്‍ വലിച്ചെറിഞ്ഞ
പിന്നാമ്പുറങ്ങള്‍.
പഴയതിന്റെ പ്രൗഢിയാര്‍ന്ന പുതുമകള്‍.
സത്യംപോലെ തിളയ്ക്കുന്ന നുണകള്‍.
ഇരുട്ടിലിരിക്കൂ
വെളിച്ചം തേടി വരും.
തടവിലിരിക്കൂ
സമ്പത്ത് ഒഴുകി വരും.
മണ്ണും ചാരിയിരിക്കൂ
തണല്‍ വൃക്ഷങ്ങള്‍ തെഴുക്കും.
അദ്ധ്വാനിച്ചാല്‍ വെറും മണ്ണാവും.
അലസനോ രാജയോഗം.
ഇതാകുമോ നവനവോത്ഥാനം?
ആ ഒരാള്‍ക്ക് മറുപടിയില്ല.
കാരണം,
അയാള്‍ക്ക് സ്വസ്ഥതയില്‍
ഉറക്കമില്ല.
ചോദ്യങ്ങളിലേ അയാള്‍ ജീവിക്കൂ.
ഉത്തരങ്ങള്‍ അയാള്‍ക്കു ചിതയാകും.
■
ആസാദ്
28 സെപ്തംബര്‍ 2021