Article POLITICS

ഈ പച്ചപ്പെണ്‍കുട്ടികള്‍ ചരിത്രം എഴുതിയേക്കും

ഹരിതയുടെ ഭാരവാഹികള്‍ ഉന്നയിച്ച പരാതിയും തുടക്കമിട്ട സമരവും ഒന്നാം ക്രമത്തില്‍ മുസ്ലീം ലീഗിനെ മാത്രം ബാധിക്കുന്ന വിഷയമാണ്. ലൈംഗിക അധിക്ഷേപത്തെപ്പറ്റിയുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം മടിച്ചു. പെണ്‍കുട്ടികള്‍ക്കേറ്റ മാനസികാഘാതം നിസ്സാരമെന്നേ അവര്‍ കരുതിയുള്ളു. പെണ്‍കുട്ടികളുടെ ജ്ഞാന മണ്ഡലത്തിലും ലോകവീക്ഷണത്തിലും സമീപനത്തിലും ആത്മബോധത്തിലും ഉണ്ടായ വളര്‍ച്ചയൊന്നും അവരറിഞ്ഞില്ല. ഇത് ആണധികാര ലീഗിന്റെ നിശ്ശബ്ദ വോട്ടുബാങ്കായ പെണ്ണകങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.

ഒരര്‍ത്ഥത്തില്‍ നാം ഒരു യുഗമാറ്റത്തിന്റെ വക്കിലാണ്. അതാണിതിലെ രണ്ടാം ക്രമം. ഒതുക്കി നിര്‍ത്തപ്പെട്ട കൊടുങ്കാറ്റുകളുടെ കെട്ടഴിഞ്ഞു തുടങ്ങുകയാണ്. ഓരോ സമുദായത്തിലും രാഷ്ട്രീയ ഗണത്തിലും അടിച്ചമര്‍ത്തപ്പെട്ട പെണ്‍ജീവിതങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങുന്നു. അകങ്ങളില്‍ നീറ്റലും പിടച്ചിലുമായി ആരംഭിക്കുന്ന എതിര്‍പ്പുകള്‍ അതിര്‍ തടസ്സങ്ങള്‍ തകര്‍ത്ത് പൊതുജീവിതത്തെ പ്രക്ഷുബ്ധവും കലുഷവുമാക്കുകയായി.

പെണ്‍രാഷ്ട്രീയം ശക്തിപ്പെടുകയാണ്. അത് അതിന്റെ ശബ്ദവും വീറും കണ്ടെത്തിയിരിക്കുന്നു. ജെ എന്‍ യുവിലും ജാമിയ മില്ലിയയിലും സമീപ കാലത്തുണ്ടായ ഭരണകൂടവിരുദ്ധ പെണ്ണെതിര്‍പ്പുകള്‍ രാഷ്ട്രീയമായ ഒരു പുതുയുഗത്തെ വിളംബരം ചെയ്യുന്നുണ്ട്. രാഷ്ട്രീയാധികാരത്തോടു മുഖാമുഖം നിന്നു പൊരുതാന്‍ സര്‍വ്വകലാശാലാ പെണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. വിദ്യാഭ്യാസം സിദ്ധിച്ച പെണ്‍കുട്ടികളില്‍ വിമോചനാശയങ്ങള്‍ ശക്തമാണ്. ആണ്‍ ഒത്തുതീര്‍പ്പുകളെ അവര്‍ അധികാര രാഷ്ട്രീയത്തിന്റെ രോഗപ്പകര്‍ച്ചയായി കണ്ടു തുടങ്ങിയിട്ടുണ്ട്. കുടുംബം വരെ സൂക്ഷ്മമാകുന്ന അധികാര വ്യവഹാരത്തെ ചോദ്യംചെയ്യാനുള്ള ത്രാണിയാണ് കുട്ടികള്‍ പ്രകടിപ്പിക്കുന്നത്.

ഇന്നു ലീഗിലെ പ്രശ്നം എന്നു കണ്ടു സന്തോഷിക്കുന്ന എതിര്‍ രാഷ്ട്രീയ കാഴ്ച്ച അമ്പരക്കാനിരിക്കുന്നേയുള്ളു. കണ്ടത് നാളെയുടെ വിളംബരമാണെന്ന് അറിയാന്‍ ഇരിക്കുന്നേയുള്ളു. ആരുടെയും ദാനമല്ല പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യവും സ്വത്വപ്രകാശനവുമെന്ന് അവര്‍ എല്ലാ സമുദായങ്ങളെയും പഠിപ്പിക്കും. എല്ലാ ആണധികാര രാഷ്ട്രീയ സംഘടനകളെയും വിറപ്പിക്കും. ഇന്നോളം ഒതുങ്ങി നിന്നവര്‍ പൊട്ടിത്തെറിക്കും. അകത്തെ ഒതുക്കിത്തീര്‍ക്കലുകള്‍ക്ക് ആരെയും കിട്ടാതാവും.

ഹരിതയിലെ പെണ്‍കുട്ടികള്‍ ലീഗിനെയും സമുദായത്തെയും മാത്രമല്ല ആണധികാര പൊതുമണ്ഡലത്തെയാകെ പൊള്ളിക്കുന്നു. എം എസ് എഫിലെ ചില നേതാക്കളുടെ വിവേകശൂന്യമായ പെരുമാറ്റത്തിന്റെ മാത്രം വിഷയമായി ഇപ്പോഴത്തെ പ്രശ്നം അവസാനിക്കില്ല. അങ്ങനെയാരും കണക്കു കൂട്ടരുത്. ആ വിഷയമല്ലെങ്കില്‍ മറ്റൊരു വിഷയത്തില്‍ പൊട്ടാനിരുന്നതാണത്. ഒരു നിമിത്തം മാത്രമാണ് എം എസ് എഫ് നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധത. പുതിയ പെണ്‍കുട്ടികള്‍ക്ക് ഒരുപാടു പറയാനുണ്ട്. എണ്ണമറ്റ കണക്കുകള്‍ തീര്‍ക്കാനുണ്ട്. എല്ലാം എവിടെയെങ്കിലും തുടങ്ങണമല്ലോ. വിചാരിക്കാത്ത ഒരു വിഷയത്തില്‍ തീരെ അപ്രസക്തമെന്നു കരുതുംവിധം കടന്നുവരുന്ന ഒന്ന് കാലത്തെ അതിശയിപ്പിക്കുന്ന വീറും ഗതിവേഗവും ആര്‍ജ്ജിച്ചുകൂടായ്കയില്ല.

ആസാദ്
15 സെപ്തംബര്‍ 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )