കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവാദമായ പാഠ്യപദ്ധതിയില്‍ ‘രാഷ്ട്ര ഓര് നാഷന് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തില്‍ പതിനൊന്നു പുസ്തകങ്ങളാണ് പഠിക്കാനുള്ളത്. അതില്‍ അഞ്ചെണ്ണം ഹിന്ദുത്വ ദേശീയവാദികളുടെതാണ്. സവര്‍ക്കര്‍, ഗൊള്‍വാള്‍ക്കര്‍, ദീനദയാല്‍ ഉപാധ്യായ തുടങ്ങിയവരില്‍ ആരുടെയെങ്കിലും ഒരു പുസ്തകം മതി ഹിന്ദുത്വ ദേശീയത പരിചയപ്പെടുത്താന്‍. അങ്ങനെയൊരു അച്ചടക്കം പുലര്‍ത്താന്‍പോലും വിദഗ്ദ്ധര്‍ തയ്യാറായില്ല.
തങ്ങള്‍ക്കു താല്‍പ്പര്യമുള്ള പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനല്ല, ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയിലെ മുഖ്യധാരകള്‍ പരിചയപ്പെടുത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്. ലിബറല്‍ ജനാധിപത്യത്തിന്റെയും ഗാന്ധിസത്തിന്റെയും, സാഷ്യലിസ്റ്റ് ചിന്തയുടെയും മാര്‍ക്സിസത്തിന്റെയും മതദേശീയ ചിന്തകളുടെയും ധാരകളെ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും വേണം. ഗാന്ധിജിയും നെഹ്റുും അംബേദ്കറും കാഞ്ച ഇളയ്യയും കണ്ണൂരിലെ പാഠ്യപദ്ധതിയിലുണ്ട്. അത് എന്തെങ്കിലും വിധ സൗജന്യമെന്ന നിലയ്ക്കല്ല, പ്രമുഖ ചിന്താധാരകളുടെ പ്രതിനിധാനം എന്ന നിലയ്ക്കാണ് പരിഗണിക്കപ്പെടേണ്ടത്. അങ്ങനെയാണെങ്കില്‍ ജയപ്രകാശ് നാരായണനും രാം മനോഹര്‍ ലോഹ്യയും എം എന്‍ റോയിയും കെ ദാമോദരനും മറ്റും കടന്നു വരേണ്ടതാണ്. ഹിന്ദുത്വ ദേശീയതാ സങ്കല്പ്പംപോലെ പ്രസക്തമാണ് മറ്റു മത ദേശീയതാ സങ്കല്‍പ്പങ്ങളും. അത്തരം പുസ്തകങ്ങളും ചേര്‍ക്കാം. ഇവിടെ ചിന്താധാരകളെ പരിചയപ്പെടുത്താനല്ല, പ്രത്യേക ചിന്താപദ്ധതിയെ അമിതപ്രാധാന്യത്തോടെ സ്വീകരിച്ച് ഇരുത്താനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് സംഘപരിവാര അധിനിവേശം നടന്നു എന്നു പറഞ്ഞത്.
പബ്ലിക് അഡ്മിനിസ്ട്രേഷനോ അതിന്റെ ആഗോളവത്കരണകാല മുഖമായ ഗവേര്ണന്സോ പഠിപ്പിക്കുന്ന കോഴ്സില്‍ ഭരണഘടനയും ഫെഡറല്‍ ബന്ധങ്ങളും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രവുമൊക്കെയാണ് കൂടുതല്‍ പ്രസക്തം. രാഷ്ട്രീയ സിദ്ധാന്തപഠനം ഇങ്ങനെ അസന്തുലിതമായി പകരുന്നത് യുക്തിസഹമല്ല. ഇത് കണ്ണൂര്‍ സര്‍വ്വകലാശാലാ പരിധിയില്‍ കാസര്‍കോടുള്ള കേന്ദ്ര സര്‍വ്വകലാശാലാ കാമ്പസില്‍നിന്നുള്ള കാറ്റ് അധികമായി വീശുന്നതുകൊണ്ടു സംഭവിക്കുന്ന വിഭ്രമമാണ്. വടക്കോട്ട് കാലും നീട്ടിയിരിക്കുന്ന അദ്ധ്യാപകര്‍ കണ്ണൂരില്‍ ധാരാളമുണ്ടെന്നു കേള്‍ക്കുന്നു. കോളേജില്‍ നടത്തുന്ന സെമിനാറുകളില്‍ ആരെ വിളിക്കണമെന്നു പോലും കേന്ദ്ര സര്‍വ്വകലാശാലയിലെ വിചാരകേന്ദ്രം തീരുമാനിക്കുകയാണ് പതിവെന്നും ശ്രുതിയുണ്ട്. കോളേജുകളില്‍ ഇടതുപക്ഷ മുഖമുള്ള ചില അദ്ധ്യാപകര്‍ വടക്കു ചെല്ലുമ്പോള്‍ തനിസംഘിയാവും. വിചാരകേന്ദ്രത്തിന്റെ ഉപഗ്രഹങ്ങള്‍ അവരുടെ ദൗത്യം നിര്‍വ്വഹിക്കുന്നതാണ് നാം കണ്ടത്.
എല്ലാം പഠിക്കാമല്ലോ എന്ന ഉദാരതയില് പാഠ്യപദ്ധതി തയ്യാറാക്കാനാവില്ല. ഏതളവില്‍ എന്തൊക്കെ പഠിക്കണമെന്ന് വ്യക്തതവേണം. അതിനാണ് കരിക്കുലവും പാഠ്യ പദ്ധതിയും പാഠ്യക്രമവുമൊക്കെ തയ്യാറാക്കുന്നത്. അതു പ്രകാരം ഹിന്ദുത്വ ദേശീയവാദം പഠിപ്പിക്കാന്‍ അഞ്ചു പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിന് എന്തു ന്യായീകരണമുണ്ട്? പ്രത്യേക സിദ്ധാന്തം അവതരിപ്പിക്കുന്ന പുസ്തകങ്ങളാണോ അവ? പ്രഭാഷണങ്ങളുടെ സമാഹാരങ്ങള്‍ എന്നതില്‍ കവിഞ്ഞ് പലതിനും പ്രാധാന്യമില്ല. വൈകാരികാഭിമുഖ്യത്തിനും രാഷ്ട്രീയ താല്‍പ്പര്യത്തിനും പാഠ്യപദ്ധതിയില്‍ എന്തു കാര്യം?
ഒരു ജനാധിപത്യ രാജ്യത്ത് അക്കാദമിക സ്ഥാപനങ്ങള്‍ നയിക്കേണ്ടത് ജനാധിപത്യ ബോധമുള്ള അക്കാദമിക പണ്ഡിതരും ഭരണസഹായികളുമാണ്. അവിടെ കേടു ബാധിച്ചാല്‍ പിന്നെ രക്ഷയില്ല. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ആരംഭിച്ചത് നാളെ കേരളം മുഴുവനുമാവും. കേരളീയ നവോത്ഥാനവും ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയവും കുഴിച്ചുമൂടിയ ജീര്‍ണതകള്‍ പുതുവേഷമണിഞ്ഞു വരും. തുറന്നു കൊടുത്തത് ആപത്തിലേക്കുള്ള വാതിലുകളാണ്.
ആസാദ്
10 സെപ്തംബര്‍ 2021
