സ്വാതന്ത്ര്യം ഒരു പതാക.
ആര്‍ക്കും തേച്ചു മടക്കിവെക്കാം.
ചുരുട്ടിക്കൂട്ടി മൂലയിലെറിയാം.
മഴപോയിത്തെളിയുന്ന
ആഗസ്തിലൊരു നാള്
മരച്ചില്ലയിലും നേഞ്ചിലുമണിയാം.
സ്വാതന്ത്ര്യം വെറുമൊരു പതാക.
എടുക്കുമ്പോള്‍ മാത്രം നിവരുന്നത്.
ഉയര്‍ത്തുമ്പോള്‍ മാത്രം പറക്കുന്നത്.
അഭിവാദ്യങ്ങളില്‍ മാത്രം തുടുക്കുന്നത്.
ചരടു പൊട്ടിയാല്‍ കാല്ച്ചുവട്ടില്
ചെളിപുരണ്ടു കിടക്കുന്നത്.
സ്വാതന്ത്ര്യമിപ്പോള്‍
ആരുടെ കയ്യിലെ പതാകയാണ്?
ആരൊക്കെയാണ് അതുയര്‍ത്തുക?
എഴുപത്തിനാലാണ്ടുയര്ത്തിയിട്ടും
ഒരു കൊടിമരത്തിലും അത്
അണയാത്ത നാളമാവാത്തതെന്ത്?
ഓരോ നെഞ്ചിലും
അതു നിരന്തരം തുടിക്കാത്തതെന്ത്?
ഒരാകാശത്തെയും
വര്‍ണങ്ങളില്‍ പൊതിയാത്തതെന്ത്?
കാറ്റുകളെ അഴിച്ചു വിടാതെ
ഉയര്‍ത്തിയവന്റെ
കൈകളിലും ചരടുകളിലും
അതു കുരുങ്ങിക്കിടക്കുന്നതെന്ത്?
ഒരു തുണിക്കീറിന്
വിയര്‍പ്പും ചോരയുമൊപ്പാം.
പാവങ്ങളുടെ പതാകയാവാം.
മഹാത്യാഗികള്‍ തുന്നിയ
നക്ഷത്രങ്ങളുള്ള ആകാശമാവാം.
ദുരിതങ്ങളെ വെന്നുയരുന്ന
വാക്കുകളുടെ മഹാഘോഷമാവാം.
അതുവെറും തുണിക്കീറ്. കൊടിശ്ശീല.
സ്വാതന്ത്ര്യം ഒരു പതാക.
വേര്പ്പിറ്റുന്ന കൊടിശ്ശീല.
അതുയര്‍ത്താനുള്ള കൊടിമരം
ഏതു തെരുവിലാണ് ഉയര്‍ത്താനാവുക?
ആരുടെ ചരടിലും കുരുങ്ങാതെ പാറാന്‍
കാറ്റുകളില്‍നിന്നു കാറ്റുകള്‍
ഏതു നെഞ്ചിലാണ് പിറവി കൊള്ളുക?
ആസാദ്
15 ആഗസ്ത് 2021