ജാതി മത സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ ഘടനയിലുള്ള സ്ഥാനമെന്ത്? ജനാധിപത്യ മൂല്യങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയും സാമൂഹിക വിഭജനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ആക്കം കൂട്ടുകയുമല്ലേ അവ ചെയ്യുക?
മര്‍ദ്ദിത വിഭാഗങ്ങള്‍ക്കെല്ലാം സംഘടിതരാവാനും അധികാര കേന്ദ്രങ്ങളോടു കലഹിക്കാനും ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താനും അവകാശമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്കു കടക്കാന്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കേ സാദ്ധ്യമാകാവൂ. ഒരുവിധ സങ്കുചിത താല്‍പ്പര്യത്തിനും ജനാധിപത്യാധികാര കേന്ദ്രത്തില്‍ സ്ഥാനമുണ്ടാകരുത്.
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സാമുദായിക പാര്‍ട്ടി ബി ജെ പിയാണ്. ജാതിഹിന്ദുത്വ അജണ്ടയാണ് ആ പാര്‍ട്ടി പിന്തുടരുന്നത്. പൗരത്വ നിയമം നടപ്പാക്കുന്നിടം വരെ എത്തി നില്‍പ്പാണവര്‍. രാജ്യത്തേ നിരന്തര സംഘര്‍ഷങ്ങളിലേക്കു വഴിതിരിച്ചു വിടാന്‍ അവര്‍ മടിക്കുന്നില്ല. ഒരു കാലത്തും മര്‍ദ്ദിത സമൂഹമായിരുന്നിട്ടില്ലാത്ത, ചരിത്രത്തില്‍ നീണ്ട കാലം മര്‍ദ്ദക വേഷം ആടിത്തിമര്‍ത്ത ബ്രാഹ്മണിക്കല്‍ തത്വാധീശ കൂട്ടായ്മയാണ് അവരുടേത്.
ന്യൂനപക്ഷ മതസമുദായങ്ങളുടെ പാര്‍ട്ടികള്‍ നിരവധിയാണ്. പൊതു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനു കീഴ്പ്പെടുന്നതിനെതിരായ ജാഗ്രതയും പ്രതിഷേധവുമാണ് ഇത്തരം മര്‍ദ്ദിത സാമുദായിക പാര്‍ട്ടികളുടെ പിറവിക്ക് കാരണമാകുന്നത്. സമ്മര്‍ദ്ദം ചെലുത്തിയും വിലപേശിയും അധികാര സംവിധാനത്തില്‍ പങ്കുചേര്‍ന്നും തങ്ങളുടെ സമുദായത്തെ ഉയര്‍ത്തുക എന്നതാണ് അവയുടെ ലക്ഷ്യം. പൊതു ജനാധിപത്യ മുന്നേറ്റത്തിലെ ഇരുളിടങ്ങള്‍ പുറത്തിടാന്‍ അവയ്ക്ക് കഴിയുന്നുണ്ടെങ്കിലും സമഗ്രവും നിഷ്പക്ഷവുമായ ഒരു കാഴ്ച്ചക്കോണില്ല എന്നത് വലിയ പരിമിതിയാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് സാമൂഹിക നിര്‍മ്മിതിക്കു നിരക്കുന്നതല്ല ഇത്തരം ഭൂരിപക്ഷ – ന്യൂനപക്ഷ സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍.
അതിനാല്‍ ബി ജെ പിയെ രാഷ്ട്രീയ അധികാരത്തില്‍നിന്നു തുരത്തുക എന്നത് പരമപ്രധാനമാണ്. അതോടൊപ്പം മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍, എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി, ശിവസേന തുടങ്ങിയ പാര്‍ട്ടികളും പിരിച്ചുവിട്ട് പൊതു ജനാധിപത്യ പ്രസ്ഥാനങ്ങളെ ശക്തമാക്കുകയും വേണം. സാമുദായിക സംഘടനകള്‍ എന്ന നിലയ്ക്ക് പൊതുമണ്ഡലത്തില്‍ ഏതു കൂട്ടര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ രാഷ്രീയപാര്‍ട്ടികള്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം.
ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെ മുസ്ലീം സമുദായ ജീവിതത്തെക്കാള്‍ എത്രയോ മുന്നിലാണ് കേരളത്തിലേത്. അധികാര രാഷ്ട്രീയത്തില്‍ പിടിമുറുക്കിയാണ് ലീഗ് അതു സാധിച്ചെടുത്തതെന്നതും സത്യമാണ്. മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജാതിഹിന്ദുത്വ വഴക്കങ്ങളിലേക്ക് വഴുതുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണല്ലോ. അക്കാര്യം പൊതു രാഷ്ട്രീയ കക്ഷികളും മുന്നണികളും തിരിച്ചറിഞ്ഞാല്‍ നന്ന്. അവരുടെ പ്രവര്‍ത്തന പദ്ധതിയിലും കാഴ്ച്ചപ്പാടിലും മര്‍ദ്ദിത സമൂഹങ്ങളോടുള്ള അനുഭാവം പ്രകടമാവണം. അവരുടെ മോചനത്തിന് യത്നിക്കണം. മര്‍ദ്ദിത സമൂഹങ്ങളെ ധാരാളമായി ഉള്‍ക്കൊള്ളുകയും വേണം.
സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിരിച്ചുവിട്ട് പൊതുജനാധിപത്യ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും ഭാഗമാവണം. അതിനു പക്ഷേ, ജാതിഹിന്ദുത്വ ഫാഷിസത്തിന്റെ കാലത്ത് ധാരാളം പരിമിതികളും തടസ്സങ്ങളും കാണും. എങ്കിലും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വിജയം അത്തരമൊരു മുന്നേറ്റത്തിന്റെ തുടക്കംകൂടിയാവും എന്നു പ്രതീക്ഷിക്കാം.
ആസാദ്
06 ആഗസ്ത് 2021