മഴ തോര്‍ന്നിട്ടും
മരം പെയ്യുന്നൂ
കുഞ്ഞു പ്രാണികളുടെ
കുളിര്‍മഴ.
എന്തൊരു മഴയിതു
പൊരുളനന്തം
താളബദ്ധം, ദീര്‍ഘം
കുഞ്ഞാല്മഴ.
മാവുമഴ, പ്ലാ
മഴ, യിറ്റിത്തീരാ
നെല്ലിമഴ, മേളംകൂട്ടു
മിലഞ്ഞിമഴ
പേരറിയാമര
ത്തൈകളും ചെറു
മഴച്ചാറ്റലില്‍
തെഴുക്കുന്നൂ.
മഴപ്പേച്ചെത്ര
വിചിത്രം നാ
മോരോ മഴയിലു-
മിറങ്ങുന്നു.
മഴമഹാകാവ്യ
മെങ്ങിരിക്കുന്നൂ?
മഹാകാശ
മേഘങ്ങളെങ്ങ്?
ഇടിവെട്ടിയ-
യുള്ക്കാതിന്
പിടപ്പെങ്ങ്, കണ്
മിന്നല്ത്തെളിയെങ്ങ്?
കീടാവതാരത്തിനു
മഴക്കാലമേ
തരുമരപ്പെയ്ത്തിന്
തരളഘോഷം.
എത്രയുള്ക്കുളിരാണു
പച്ചക്കുമിളകള്
പാടിത്തിമര്ക്കു-
മുത്സാഹം.
ക്ലബ്ഹൗസിലൊരാ-
ലെഫ്ബിയില്
മാത്തൈ, പ്ലാവുണ്ടാം
വാട്സപ്പില്‍.
പേരറിയാ മരങ്ങള്‍
ക്കാവാം സൂമോ
ഗൂഗിളോ, കാണാ
ത്താളുകളനേകം.
മഴനിരൂപകരേ
മരത്തൈകളില്‍
മഴമുളപ്പിക്കണേ
പെയ്യിക്കണേ!
കര്‍ക്കിടകമല്ലേ
വറുതി തീരട്ടെ
മഹാകാവ്യം പെയ്തു
പലതാവട്ടെ!
വലുതാവണമാല്
ത്തൈ, മറ്റു ചെടികളും
മഴപെയ്യിക്കണം മഹാ
വൃക്ഷപരമ്പര.
തോര്‍ന്ന മഴയെന്നും
മഹാഖ്യാനം,
വന്നൂട്ടുന്നതാ,രുഴവു
ചാല്വരകളെ.
പൊഴിയുന്നില്ല
ക്ഷുബ്ധ താരുണ്യം.
മരം കോതിയ ഭയ
നാരുകളേയുള്ളൂ.
എങ്കിലും ഭയക്കണ
മകാലത്തുണ്ടാം
മേഘസ്ഫോടന,
മുരുള്പൊട്ടല്.
മരത്തൈകള്‍
നെയ്യുമിഴകളില്
കാണുമുള്സ്ഫോടകം
മഴപ്പൊരുള്.
അതുതെളിയെ
ത്തെളിയെ നാമൂറാം
പുറന്തോടു പിളര്‍ക്കുന്ന
ധാന്യക്കുതിപ്പില്.
■
ആസാദ്
03 ആഗസ്ത് 2021