ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ മേളം കേള്‍ക്കുന്നുണ്ട്. കൊട്ടിഘോഷിക്കുന്നത് ഇപ്പോഴും ആ പഴയ സൂത്രധാരനാണ്. പാര്‍ട്ടിയോ സര്‍ക്കാറോ അത് ഏറ്റെടുത്തു കാണുന്നില്ല. എന്തുകൊണ്ടാവാം അത്?
പഞ്ചായത്തീരാജ് നിയമ ഭേദഗതിയും ഇ എം എസിന്റെ വികേന്ദ്രീകൃതാസൂത്രണ സങ്കല്‍പ്പങ്ങളും ചേര്‍ന്ന് മാറ്റത്തിന് കളമൊരുക്കിയ കാലത്ത് അതില്‍ പാര്‍ട്ടി രഹിത പങ്കാളിത്ത ജനാധിപത്യമെന്ന ലോകബാങ്ക് പദ്ധതി ഉള്‍ച്ചേര്‍ത്തതാണ് സൂത്രധാരന്റെ പങ്ക്. ഇ എം എസ്സിനെ ചാക്കിലാക്കിയതിന്റെ മേന്മ ഒരു പരിഷത്ത് നേതാവുതന്നെ പിന്നീട് വിദേശത്തു വെളിപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി അടങ്കലിന്റെ മുപ്പത് – നാല്‍പ്പത് ശതമാനം താഴേയ്ക്കു നല്കിയതും ആസൂത്രണം അടിത്തട്ടില്‍ നിര്‍വ്വഹിച്ചതും വിപ്ലവകരമായിരുന്നു. എന്നാല്‍, വികസന പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്തം പ്രാതിനിധ്യ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കേണ്ടതിനു പകരം അതിനെ ദുര്‍ബ്ബലപ്പെടുത്താന്‍ പ്രയോജനപ്പെടുത്തി എന്നതായിരുന്നു ഉയര്‍ന്നുവന്ന വിമര്‍ശനം. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സമിതികളെ ഫെസിലിറ്റേറ്റര്‍ മാത്രമാക്കുന്ന പൗരസമൂഹ രാഷ്ട്രീയത്തിന്റെ വിത്തിടല്‍ കര്‍മ്മമായി ജനകീയാസൂത്രണ പ്രസ്ഥാനത്തെ അതിന്റെ നായകര്‍ ദുരുപയോഗപ്പെടുത്തി. റിയല്‍ ഉട്ടോപ്യ പ്രസ്ഥാനത്തിന്റെ ആഗോള നായകര്‍ സജീവ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ലോകബാങ്കും പടിഞ്ഞാറന്‍ ഫൗണ്ടേഷനുകളും നന്നായി ഊട്ടുന്നതും കണ്ടു.
രജതജൂബിലി ആഘോഷിക്കുമ്പോള്‍ ജനകീയാസൂത്രണ പ്രസ്ഥാനം എവിടെയെത്തി നില്ക്കുന്നു എന്നു പരിശോധിക്കണം. പോയ ഇരുപത്തിയഞ്ചു വര്‍ഷത്തില്‍ പതിനഞ്ചു വര്‍ഷം എല്‍ ഡി എഫും പത്തു വര്‍ഷം യു ഡി എഫും ഭരിച്ചു. വരുന്ന അഞ്ചു വര്‍ഷം എല്‍ ഡി എഫിന്റെ തുടര്‍ ഭരണവുമാണ്. ഇത്ര ‘മെച്ചപ്പെട്ട’ ജനകീയാസൂത്രണത്തിന് തുടര്‍ച്ചയുണ്ടാവാതെ പോയത് എന്തുകൊണ്ടാണ്? യു ഡി എഫ് സര്‍ക്കാര്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തെ കേരള വികസന പദ്ധതി എന്നു പേരുമാറ്റി നടപ്പാക്കിയപ്പോള്‍ അടിസ്ഥാനപരമായ എന്തെന്തു കാര്യങ്ങളില്‍ മാറ്റം വരുത്തി? പേരു മാറിയാല്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇല്ലാതാവുമോ? പിന്നീടു രണ്ടുതവണ അധികാരമേറ്റപ്പോഴും ജനകീയാസൂത്രണ പ്രസ്ഥാനം തുടരണമെന്ന് സി പി എമ്മിന് തോന്നാത്തത് എന്തുകൊണ്ട്?
പേരിന്റെ കാര്യമിരിക്കട്ടെ, താഴേയ്ക്ക് പദ്ധതി അടങ്കലിന്റെ മുപ്പതോ നാല്‍പ്പതോ ശതമാനം നല്കുന്ന പുരോഗമന നിലപാട് ഇപ്പോഴും തുടരുന്നുണ്ടോ? അന്ന് വികേന്ദ്രീകരിച്ചു പഞ്ചായത്തുകള്‍ക്ക് നല്കിയ അധികാരമെല്ലാം ഇപ്പോഴും ലഭ്യമാകുന്നുണ്ടോ? വികേന്ദ്രീകരണ ആസൂത്രണം സുഗമമാക്കാനാണ് പഞ്ചായത്തീരാജ് നിയമ ഭേദഗതികൊണ്ട് ഉദ്ദേശിച്ചത്. അതിന്റെ ഗുണഫലം ഇപ്പോള്‍ ലഭ്യമാണോ? എന്തിനാണ് പഞ്ചായത്തു സംവിധാനത്തിനു വിട്ടു നല്കിയ അധികാരങ്ങളില്‍ പലതും തിരിച്ചെടുത്തത്? എന്തിനാണ് ഫണ്ട് വെട്ടിക്കുറച്ചത്? അധികാര കേന്ദ്രീകരണം നടപ്പാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാറും ഉത്സാഹിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം എല്ലാ ആഘോഷ മേളങ്ങള്‍ക്കിടയിലും വെളിപ്പെടുന്നു.
ലോകബാങ്കും പടിഞ്ഞാറന്‍ ഏജന്‍സികളും ആഗ്രഹിച്ച പൗരസമൂഹ രാഷ്ട്രീയത്തിന്റെ വിസ്ഫോടനവും അരാഷ്ട്രീയവല്‍ക്കരണവും ഏറെക്കുറെ പൂര്‍ണവിജയത്തിലെത്തി. അവര്‍ക്കിനി പങ്കാളിത്ത ജനാധിപത്യ പരീക്ഷണങ്ങളുടെ ആവശ്യമില്ല. വികസനം ജനങ്ങളുടെ ബാദ്ധ്യതയാണ് എന്ന ബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞതും കോര്‍പറേറ്റ് വികസനത്തിന് സംഘര്‍ഷരഹിതമായ വഴിയൊരുക്കാന്‍ കഴിഞ്ഞതും അങ്ങനെയാണ്. സര്‍ക്കാറിന്റെ ഉത്തരവാദിത്തമായ അടിസ്ഥാന ക്ഷേമപ്രവര്ത്തനംപോലും ‘ചലഞ്ചി’ലൂടെ നിര്‍വ്വഹിക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടായി. പൊതുബോധത്തെ ഇവ്വിധം അരാഷ്ട്രീയ വികസനവാദത്തിലേക്ക് എത്തിച്ചതില്‍ മുഖ്യപങ്ക് ‘വിപ്ലവ പ്രസ്ഥാനത്തിന്’ അവകാശപ്പെട്ടതുതന്നെ. ജനകീയാസൂത്രണ പ്രസ്ഥാന നായകരെ നായനാര്‍ മുമ്പേതന്നെ സൂത്രക്കാര് എന്ന് അഭിസംബോധന ചെയ്തത് വെറുതെയല്ല.
ആസാദ്
19 ജൂലായ് 2021
