എന്റെ വേരുകളില്‍ തീ
പടര്‍ന്നു കേറുമ്പോലെ.
എന്റെ വേഗങ്ങളില്‍ തീ
നാരുകള്‍ ചുറ്റുമ്പോലെ.
വഴിയോരോന്നും വന്നു
വളഞ്ഞു വെയ്ക്കുമ്പോലെ.
നിഴലോരോന്നും വന്നു
തെളിഞ്ഞു മായുമ്പോലെ.
ഉടലോളങ്ങളില് വിദ്യുത്
പ്രസരമേല്ക്കുമ്പോലെ
ഉള്ളതേ,തില്ലാത്തതേതെ
ന്നുള്ളം വെന്തിറ്റുമ്പോലെ.
മഴതോരാതിരുവാതിര
ഞാറ്റുവേല ശമിക്കുന്നു
നനച്ചു നീരാ,യുഴുതു
മണ്ണായ് നീ മാറും നിമിഷത്തില്‍.
ഒരു വേ,രല്ല തായ് വേ
രടര്ന്നു പോം നടുക്കം
എന്റെയാത്മാവു മണ്ണി
ലമര്‍ന്നു തേങ്ങുമ്പോലെ.
പൊള്ളിപ്പിടഞ്ഞു പിന്
വാങ്ങുന്ന വിരലുകള്‍
പോകാതെ വയ്യെന്നു
മുറിഞ്ഞു പോകുമ്പോലെ.
കുഞ്ഞുകാല്വെപ്പില്
മെതിച്ചിടമെരിയുന്നു
കുഞ്ഞുവാ നുണപ്പില്
നനച്ചിടമെരിയുന്നു
ഒരു പൂ നിറച്ചതില്‍
പൂക്കാലമെരിയുന്നു
ഒരു വാക്കു പൊലിച്ചതില്
ആകാശമെരിയുന്നു.
എന്റെ വേരുകളില്‍ തീ
പടര്‍ന്നു കേറുമ്പോലെ
എന്റെ പച്ചയില്‍ പ്രാണ
നാരുകള്‍ പിടയുമ്പോലെ.
■
ആസാദ്
08 ജൂലായ് 2021