Article POLITICS

കൊലയാളി രാഷ്ട്രീയത്തിലെ ചതിയന്‍ വിഗ്രഹങ്ങള്‍

വളരെ വൈകിയാണെങ്കിലും തങ്ങള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ തുറന്നു പറയാന്‍ സന്നദ്ധമാവുന്നത് നല്ല കാര്യമാണ്. ഒരു തിരുത്തിന് അതു ബലം നല്‍കും. ഒപ്പം ചെയ്ത കുറ്റത്തിന് ശിക്ഷ വാങ്ങാനുള്ള ആത്മബലംകൂടി അവര്‍ കാണിക്കണം.

കോണ്‍ഗ്രസ്സിനു പങ്കുള്ള കൊലപാതകം കൈപ്പിഴയായിരുന്നുവെന്നും അതേതെന്നും തുറന്നു സമ്മതിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നുവെങ്കില്‍ അഭിനന്ദനീയമാണ്. നിയമത്തിനു മുന്നില്‍ കീഴടങ്ങാനും അവര്‍ക്കു കഴിയണം.

കണ്ണൂരില്‍ നടന്നതുപോലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരിടത്തും നടന്നിട്ടില്ല. അതില്‍ കൈകള്‍ ശുദ്ധമാണെന്നു പറയാന്‍ മുഖ്യ ഭരണകക്ഷിയായ സി പി എമ്മിനാവില്ല. ഒരു കൊലപാതകവും തങ്ങള്‍ക്കു പറ്റിയ പിഴയാണെന്ന് അവര്‍ സമ്മതിക്കില്ല. ആര്‍ എസ് എസ്സും അതുപോലെത്തന്നെ.

കെ സുധാകരന്റെ ‘കൈപ്പിഴ’ ഒരു നാക്കു പിഴയായി മാറുമോ എന്നറിയില്ല. അതില്‍ പിടിച്ചു കോണ്‍ഗ്രസ്സിനെ അക്രമിക്കാന്‍ സി പി എമ്മിനുള്ള അര്‍ഹത പക്ഷേ, മനസ്സിലായില്ല. ഇത്രയേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടും ഒന്നുപോലും തെറ്റായി കാണാന്‍ കഴിയാത്തവരാണ് ഒരു തെറ്റെങ്കിലും സമ്മതിച്ചവരെ നേരിടാന്‍ ഇറങ്ങിയിട്ടുള്ളത്! കൊലയാളികള്‍ക്കു സ്വീകരണം നല്‍കുകയും സ്മാരകം നിര്‍മ്മിക്കുകയും ചെയ്യുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊലപാതകങ്ങളെ അധിക്ഷേപിക്കുകയാണ്! അവരുടെ
ധാര്‍മ്മിക ബോധം തിളച്ചു മറിയുകയാണ്!

കൊലയാളി രാഷ്ട്രീയത്തില്‍ തിരിച്ചു പോക്ക് എളുപ്പമല്ല. ആരെങ്കിലും തിരിച്ചു പോകുന്നുവെങ്കില്‍ അവരെ കുരുക്കാന്‍ വലിയ കൊലയാളി പാര്‍ട്ടികള്‍ക്ക് ഉത്സാഹമായിരിക്കും. ആരും ഞങ്ങളെക്കാള്‍ മികച്ചവരല്ല എന്നു സ്ഥാപിക്കണം. ‘ഞങ്ങള്‍ ചെയ്യുമ്പോഴുള്ള ശരി’ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തെറ്റാകും! അതിനവര്‍ ശിക്ഷ അനുഭവിക്കണം! മാത്രമല്ല കുറ്റമേല്‍ക്കുന്നവര്‍ കൊലയാളി ഗോത്രത്തിലെ കുലംകുത്തികളാവും!

കയ്യൂക്കുകൊണ്ടും മറ്റ് അധാര്‍മ്മികമായ ബലപ്രയോഗങ്ങള്‍കൊണ്ടും അപരനു മേല്‍ ആധിപത്യം ചെലുത്തുന്നത് ഗുണ്ടാ പ്രവര്‍ത്തനമാണ്. അക്കാര്യത്തില്‍ അധികാര ബദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ കാലത്തും ഓരോ വിധത്തില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. അധികാരത്തിന്റെ ഹിംസാടനമാണത്. കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ നടത്തിയതുപോലെ ഒരു പരസ്യ വിശകലനത്തിന് ബി ജെ പിയും സി പി എമ്മും തയ്യാറാവുമോ?

സത്യം പറയുന്നവര്‍ ശിക്ഷിക്കപ്പെടട്ടെ, ഒളിക്കുന്ന കള്ളന്മാര്‍ രക്ഷപ്പെടട്ടെ എന്ന ന്യായം ജനാധിപത്യത്തിന്റെ സത്തയെ വെല്ലുവിളിക്കുന്നതാണ്. എല്ലാവരും എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ശിക്ഷയേറ്റ് പുതിയൊരു രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് തുടക്കം കുറിക്കുമെന്ന് കരുതുകവയ്യ. കൊലയാളികളുടെ പഴി പറച്ചിലുകളും കണക്കു തീര്‍ക്കലുകളും തുടരാനാണ് സാദ്ധ്യത. അതില്‍ അധികാരമുള്ളവര്‍ മാന്യരും മറ്റുള്ളവര്‍ ഗുണ്ടകളും എന്നു സമ്മതിക്കാന്‍ സ്വന്തം കണ്ണും ബോധവും നഷ്ടമായവര്‍ക്കേ സാധിക്കൂ.

ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങള്‍ക്കും കൊലയാളികള്‍ക്കും ഹിംസയുടെ ഒറ്റ രാഷ്ട്രീയമേയുള്ളു. പല കൊടികള്‍ പിടിച്ചാലും ജനവിരുദ്ധതയുടെ രാഷ്ട്രീയം പലതാവില്ല. അതു ജനാധിപത്യത്തെ ശക്തിപ്പെടുത്തില്ല. കൊലയാളി രാഷ്ട്രീയത്തിന്റെ നേതാക്കള്‍ക്ക് മുഖവും ഭാഷയും ഒന്നാണ്. അതില്‍ മാന്യതയുടെ മുഖംമൂടിയിട്ട ചതിയന്‍ വിഗ്രഹങ്ങള്‍ ഉയര്‍ന്നു വരും. വാസ്തവാനന്തര കാലം അതിനു പറ്റിയ മണ്ണാണ് ഒരുക്കിയിട്ടുള്ളത്.

ആസാദ്
21 ജൂണ്‍ 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )